വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി; യാത്രാവിലക്ക് അടക്കമുള്ള കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ നിസാരമായി കാണുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ നേരിടാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. കുറ്റവാളികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാന സര്‍വീസുകള്‍ക്കെതിരായ വ്യാജ ബോംബ് ഭീഷണികള്‍ ഗുരുതര കുറ്റകൃത്യമാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതിനായി നിയമഭേദഗതി കൊണ്ടുവരുന്ന കാര്യവും ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ശന വ്യവസ്ഥകളോടെ എയര്‍ക്രാഫ്റ്റ് സെക്യൂരിറ്റി നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു. വ്യാജ ഭീഷണികള്‍ യാത്രക്കാര്‍ക്കും വ്യോമയാന കമ്പനികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

വ്യോമയാന സുരക്ഷാ ചട്ടത്തിലും 1982-ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വ്യോമയാന സുരക്ഷാ നിയമത്തിലും ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ക്ക് നേരെ കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ നൂറോളം ബോംബ് ഭീഷണികള്‍ ലഭിച്ച സാഹചര്യത്തില്‍ വിവിധ വ്യോമയാന കമ്പനികളുടെ മേധാവികളുമായി വ്യോമയാന സുരക്ഷാ ഏജന്‍സിയായ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതുവരെയുള്ള അന്വേഷണത്തില്‍ ലണ്ടന്‍, ജര്‍മനി, കാനഡ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഐപി അഡ്രസുകളില്‍ നിന്നാണ് ഭീഷണി സന്ദേശങ്ങള്‍ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വിപിഎന്‍ ഉപയോഗിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഈ ഐപി അഡ്രസുകള്‍ വിശ്വസിക്കാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back To Top