ന്യൂദല്‍ഹി: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മുംബൈയില്‍ കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ അപേക്ഷ നല്‍കി താലിബാന്‍. തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ മുംബൈയിലെ അഫ്ഗാനിസ്ഥാന്‍ കോണ്‍സുലേറ്റില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാന്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപേക്ഷ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.
2021ല്‍ അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭരണത്തിന് കീഴില്‍ ആയതുമുതല്‍ ഇന്ത്യ കാബൂളുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. താലിബാന്റെ അപേക്ഷ ഇന്ത്യ അംഗീകരിച്ചാല്‍ മുംബൈയില്‍ താലിബാന് ഔദ്യോഗിക പ്രതിനിധിയെ ലഭിക്കും.
കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ സംബന്ധിച്ച ലിസ്റ്റ് താലിബാന്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. ഈ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തികളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തി വരികയാണെന്നും അത് പൂര്‍ത്തിയായ ശേഷം ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന.
താലിബാന്റെ അപേക്ഷ ഇന്ത്യ അംഗീകരിച്ചാല്‍ കോണ്‍സുലേറ്റിലെ സെക്കന്റ് സെക്രട്ടറിയായി അഫ്ഗാന്‍ പൗരനും മുന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുമായ ഇക്‌റാമുദീന്‍ കാമിലിനെ നിയമിക്കും. പി.എച്ച്.ഡി പൂര്‍ത്തിയാക്കിയ ഇക്‌റാമുദീന്‍ അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. നിലവില്‍ അഫ്ഗാന് വേണ്ടി അനൗദ്യോഗികമായി മുംബൈയില്‍ പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം.
താലിബാന്‍ ഭരണമേറ്റെടുത്തതോടെ ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണെങ്കിലും അനൗപചാരികമായി നയതന്ത്ര ബന്ധം നിലനിര്‍ത്താന്‍ ഇരു രാജ്യങ്ങളും ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘം കാബൂളില്‍ കുറച്ച് നാളുകളായി പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം നിരന്തരം തീവ്രവാദ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നതില്‍ കുറച്ച് നാളുകളായി അയവ് വരുത്തിയിരുന്നു. ഇവയ്ക്ക് പുറമെ ലഷ്‌കര്‍ ഇ തൊയ്ബ, ജയ്ഷ പോലുള്ള തീവ്രവാദ സംഘടനകളുടെ സാന്നിധ്യം അഫ്ഗാനില്‍ അനുവദിക്കില്ലെന്ന് കാബൂള്‍ ഇന്ത്യയ്ക്ക് ഉറപ്പും നല്കിയിരുന്നു.