ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ വെറും 46 റണ്‍സിന് ഓള്‍ ഔട്ടായി ഇന്ത്യ നാണംകെട്ടതിന് പിന്നാലെ കോച്ച് ഗൗതം ഗംഭീറിനെ പൊരിച്ച് ആരാധകർ. ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടീമിന്‍റെ ആക്രമണ മനോഭാവത്തെക്കുറിച്ച് പറഞ്ഞത്.
ഒരു ദിവസം 400 അടിക്കാനും ഒരു ടെസ്റ്റ് മത്സരം തോല്‍ക്കാതിരിക്കാന്‍ രണ്ട് ദിവസം പിടിച്ചു നിന്ന് ബാറ്റ് ചെയ്യാനും കഴിയുന്നൊരു ടീമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗംഭീര്‍ പറഞ്ഞിരുന്നു. കളിക്കാരുടെ സമീപനത്തിലും അത്തരമൊരു മാറ്റമാണ് ടീം മാനേജ്‌മെന്‍റ് പ്രതീക്ഷിക്കുന്നതെന്നും ഇത് രണ്ടും ചെയ്യാന്‍ കഴിയുന്ന ബാറ്റര്‍മാര്‍ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലുണ്ടെന്നും ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സമനിലക്കായി ഒരു മത്സരവും കളിക്കില്ലെന്നും ആദ്യ ലക്ഷ്യം എല്ലായ്പ്പോഴും വിജയം തന്നെയാണെന്നും സമനില എന്നത് രണ്ടാമത്തെയോ മൂന്നാമത്തെയോ സാധ്യത മാത്രമാണെന്നും ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ടായതോടെ ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാദധകര്‍ രംഗത്തെത്തി. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള തീരുമാനം എന്തിനായിരുന്നുവെന്ന് ആരാധകര്‍ ചോദിച്ചു. അതുപോലെ ബെംഗളൂരുവിലെ സാഹച്യരങ്ങളെക്കുറിച്ച് നല്ലപോലെ അറിയാവുന്ന കെ എല്‍ രാഹുലിനെ ബാറ്റിംഗ് ഓര്‍ഡറില്‍ സര്‍ഫറാസ് ഖാനും പിന്നിലായി ഇറക്കിയതിനെയും ആരാധകര്‍ ചോദ്യം ചെയ്തു.