ദില്ലി: വിവാഹമോചന കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി അംഗീകരിക്കാമെന്ന് സുപ്രീംകോടതി. വ്യക്തിഗത സ്വകാര്യതയെ അടിസ്ഥാനമാക്കി ഈ രേഖകൾ തെളിവായി പരിഗണിക്കരുതെന്ന പഞ്ചാബ്–ഹരിയാന ഹൈക്കോടതിയുടെ പഴയ ഉത്തരവ് റദ്ദാക്കി കോടതിയിലാണ് പുതിയ വ്യാഖ്യാനം.
ജസ്റ്റിസ് ബി.വി. നാഗരത്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നൽകിയ ഈ വിധി, കുടുംബന്യായവ്യവസ്ഥയിലുണ്ടായിരുന്ന തെളിവ് സ്വീകാര്യതയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾക്ക് അന്ത്യം കുറിക്കുന്നു.
“മൗലികാവകാശ ലംഘനം നടന്നെന്നാരോപിച്ചുകൊണ്ട്, തെളിവ് തള്ളിക്കളയാൻ കഴിയില്ല” എന്നതായിരുന്നു കോടതി നിരീക്ഷണം. വിവാഹമോചന കേസുകളിലെ സത്യാവസ്ഥ തെളിയിക്കാൻ രഹസ്യമായി ശേഖരിച്ച ഓഡിയോ റെക്കോർഡിങ്ങുകളും ഇനി മുതൽ കോടതി പരിഗണിക്കും.
മുന്‍പ്, പങ്കാളിയുടെ അനുമതിയില്ലാതെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ മൗലികാവകാശ ലംഘനമാണ് എന്നും, അതിനാൽ കുടുംബ കോടതിയിൽ അത് തെളിവായി സ്വീകരിക്കാനാവില്ലെന്നും പറഞ്ഞ് പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഈ സുപ്രീംകോടതി വിധി, വിവാഹമോചനക്കേസുകളിൽ കക്ഷികൾക്ക് കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ നിയമപരമായ വഴി തുറക്കുന്നു. അതേസമയം, സ്വകാര്യതയെ സംബന്ധിച്ച ചർച്ചകൾക്ക് പുതുവഴിയും ഈ വിധി തുറക്കുമെന്നാണ് നിയമപരമായ വിലയിരുത്തൽ.