‘ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപിക്ക് നേട്ടം, കോൺഗ്രസിന് നഷ്ടം’; മൂഡ് ഓഫ് ദി നാഷണ്‍ അഭിപ്രായ സർവെ

2025 ജനുവരി രണ്ടിനും ഫെബ്രുവരി 9നും ഇടയിലാണ് ഇന്ത്യാ ടുഡേ-സീവോട്ട‍ർ മൂഡ് ഓഫ് ദി നാഷണ്‍ അഭിപ്രായ സർവെ നടന്നത്

ന്യൂഡൽഹി: ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎ 343 സീറ്റുകൾ നേടുമെന്ന് ഇന്ത്യാ ടുഡേ-സീവോട്ട‍ർ മൂഡ് ഓഫ് ദി നാഷണ്‍ അഭിപ്രായ സർവെ. കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകൾ ബിജെപി സ്വന്തം നിലയിൽ നേടുമെന്നും സ‍ർവെ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ ലോക്സഭയിൽ ബിജെപിക്ക് 240 സീറ്റകളും എൻഡിഎ സഖ്യത്തിന് 293 സീറ്റുകളുമാണ് ഉള്ളത്. ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ കോൺ​ഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണിയ്ക്ക് 188 സീറ്റുകൾ മാത്രമേ നേടാൻ കഴിയൂ എന്നും സർവ്വെ ചൂണ്ടിക്കാണിക്കുന്നു.

ഇൻഡ്യ മുന്നണിയ്ക്ക് നിലവിൽ 234 അം​ഗങ്ങളാണുള്ളത്. കോൺ​ഗ്രസിന് ഒറ്റയ്ക്ക് 99 സീറ്റുകളും ലോക്സഭയിലുണ്ട്. 2025 ജനുവരി രണ്ടിനും ഫെബ്രുവരി 9നും ഇടയിലാണ് ഇന്ത്യാ ടുഡേ-സീവോട്ട‍ർ മൂഡ് ഓഫ് ദി നാഷണ്‍ അഭിപ്രായ സർവെ നടന്നത്. രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലുമായി 125123 വ്യക്തികളെയാണ് സർവെയ്ക്കായി സമീപിച്ചതെന്നാണ് ഇന്ത്യാ ടുഡേ-സീവോട്ട‍ർ മൂഡ് ഓഫ് ദി നാഷണ്‍ വ്യക്തമാക്കുന്നത്.

ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎ സഖ്യത്തിൻ്റെ വോട്ട്ഷെയ‍ർ മൂന്ന് ശതമാനം വർദ്ധിച്ച് 47 ശതമാനമായി മാറുമെന്നും സ‍ർവ്വെ പ്രവചിക്കുന്നു. ഇൻഡ്യ മുന്നണിയ്ക്ക് ഒരു ശതമാനം വോട്ട്ഷെയർ വ‍ർദ്ധനയാണ് അഭിപ്രായ സർവെ ചൂണ്ടിക്കാണിക്കുന്നത്.

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി 281 സീറ്റുകൾ നേടുമെന്നാണ് അഭിപ്രായ സ‍ർവെയുടെ കണ്ടെത്തൽ. കോൺ​ഗ്രസിൻ്റെ സീറ്റ് 99ൽ നിന്ന് 78ലേയ്ക്ക് കുറയുമെന്നും സർവ്വെ വ്യക്തമാക്കുന്നു. ബിജെപിയുടെ വോട്ട് ഷെയർ മൂന്ന് ശതമാനം വ‍ർദ്ധിച്ച് 41 ശതമാനത്തിലേയ്ക്ക് മാറുമെന്നും കോൺ​ഗ്രസിൻ്റെ വോട്ട് ഷെയർ 20 ശതമാനത്തിലേയ്ക്ക് ചുരുങ്ങുമെന്നും റിപ്പോ‌ർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 400ലേറെ സീറ്റുകൾ നേടുമെന്ന അവകാശവാദമായിരുന്നു ബിജെപി ഉയർത്തിയത്. എന്നാൽ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കുന്ന അത്രയും സീറ്റുകൾ പോലും ബിജെപിക്ക് ലഭിച്ചിരുന്നില്ല. ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയുടെയും നിതീഷ് കുമാറിൻ്റെ ജെഡിയുവിൻ്റെയും പിന്തുണയോടെയാണ് നരേന്ദ്ര മോദി അധികാരത്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top