ലാലേട്ടനെ കാണാൻ പോയി, പക്ഷെ കയ്യടി കൊണ്ടുപോയത് പ്രഭാസ്; ടീസറിനേക്കാൾ വൈറലായി കണ്ണപ്പ കമന്റ് സെക്ഷൻ

‘കിരാത’ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്

പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രമാണ് ‘കണ്ണപ്പ’. ഒരു ബിഗ് ബജറ്റ് പീരീഡ് ഫാന്റസി ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ പുതിയ ടീസർ പുറത്തിറങ്ങി. ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞതാണ് ടീസർ. ഒപ്പം സിനിമയിൽ അതിഥി വേഷത്തിലെത്തുന്ന താരങ്ങളെയും ടീസറിൽ കാണാനാകും. ടീസറിൽ പ്രഭാസ് കലക്കിയിട്ടുണ്ടെന്നാണ് പ്രതികരണങ്ങൾ.

മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങിയവരാണ് സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നത്. ‘കിരാത’ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതൻ എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മോഹൻലാലിന്റെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. ടീസറിന്റെ അവസാനമാണ് പ്രഭാസിനെ കാണിക്കുന്നത്. ഗംഭീര വരവേൽപ്പാണ് പ്രഭാസിന് ലഭിക്കുന്നത്. ചിത്രത്തിൽ നായകനെക്കാൾ പ്രഭാസ് സ്കോർ ചെയ്യുമെന്നാണ് പ്രേക്ഷകർ എക്സിൽ കുറിക്കുന്നത്.

മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത കണ്ണപ്പ 2025 ഏപ്രിൽ 25 ന് ആഗോളതലത്തിൽ റിലീസിനെത്തും. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം. മോഹൻലാൽ കൂടാതെ പ്രഭാസ്, അക്ഷയ് കുമാർ എന്നിവരും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നുണ്ട്. പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം- സ്റ്റീഫൻ ദേവസി, എഡിറ്റർ- ആന്റണി ഗോൺസാൽവസ്, പ്രൊഡക്ഷൻ ഡിസൈനർ – ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് മഹേശ്വർ, ആർ വിജയ് കുമാർ, പിആർഒ- ശബരി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top