‘ചെയര്‍മാനോട് സംസാരിക്കാൻ ധൈര്യമില്ല,എനിക്ക് പേടിയാണ്’; എഴുതി പൂര്‍ത്തിയാക്കാത്ത ജോളി മധുവിൻ്റെ കത്ത് പുറത്ത്

ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു ജോളി ബോധരഹിതയാകുന്നത്

കൊച്ചി : തൊഴിൽ പീഡനത്തെത്തുടർന്ന് പരാതി നൽകിയ കയർ ബോർഡ് ഓഫീസിലെ ജീവനക്കാരി ജോളി മധുവിൻ്റെ എഴുതി പൂർത്തിയാക്കാത്ത കത്ത് പുറത്ത്. ജോളിയുടെ കത്തിലെ വരികള്‍ ഇങ്ങനെയാണ്. ‘എനിക്ക് പേടിയാണ്. ചെയര്‍മാനോട് സംസാരിക്കാന്‍ എനിക്കു ധൈര്യമില്ല. പരസ്യമായി മാപ്പു പറയണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് തൊഴില്‍ സ്ഥലത്ത് പീഡനം നേരിടേണ്ടി വന്നയാളാണു ഞാന്‍’. എൻ്റെ ജീവിതത്തിനും ആരോഗ്യത്തിനും അത് ഭീഷണിയായി. അതു കൊണ്ടു ഞാന്‍ നിങ്ങളോട് കരുണയ്ക്കായി യാചിക്കുകയാണ്. എന്റെ വിഷമം മനസ്സിലാക്കി, ഇതില്‍ നിന്നു കരകയറാന്‍ എനിക്കു കുറച്ചു സമയം തരൂ’ എന്നാണ് ജോളി കത്തിൽ പറയുന്നത്.

ഇംഗ്ലീഷിലാണ് കത്ത് എഴുതിയിരിക്കുന്നത്. ‘എൻ്റെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്നു. അതിനാൽ ഞാൻ നിങ്ങളുടെ കരുണയ്ക്ക് അപേക്ഷിക്കുകയാണ്. കുറച്ചുകാലം കൂടി അതിജീവിക്കാൻ സഹായിക്കൂ എന്നും പൂ‍ർത്തിയാക്കാത്ത കുറിപ്പിൽ ജോളി കുറിച്ചിട്ടുണ്ട്. കുറിപ്പ് പൂർത്തിയാക്കും മുമ്പ് ജോളി കുഴഞ്ഞു വീണു എന്നാണ് മക്കൾ പറയുന്നത്. ജോളി എഴുതിയ ഡയറിയും പേനയും താഴെ വീണ് കിടന്നിരുന്നു.

ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു ജോളി ബോധരഹിതയാകുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിലെ ജീവനക്കാരിയാണ് ജോളി മധു. ജോലിസ്ഥലത്തെ മാനസിക പീഡനത്തെത്തുടര്‍ന്ന് ഇവര്‍ പരാതി നല്‍കിയിരുന്നു. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു. കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ ജോളി നിരവധി പരാതി നല്‍കിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top