ബുക്ക് ചെയ്താൽ വീട്ടിലെത്തും, അങ്ങാടി മരുന്നിന്‍റെ മറവിൽ മദ്യ വിതരണം; 77 കുപ്പി വ്യാജമദ്യവുമായി 3 പേർ പിടിയിൽ

കൊച്ചി: ബുക്ക് ചെയ്താൽ ഓണക്കാലത്ത് ആവശ്യക്കാരുടെ വീടുകളിൽ മദ്യം എത്തിക്കാൻ ഓർഡർ എടുത്ത സംഘം വ്യാജ മദ്യ ശേഖരവുമായി എക്സൈസിന്‍റെ പിടിയിൽ. കാക്കനാട് സ്വദേശികളായ തോക്ക് എന്ന് വിളിക്കുന്ന സുരേഷ് (52), സുരേഷിന്‍റെ ഭാര്യ മിനി (47), ഫസലു എന്ന നാസർ (42 വയസ്സ്) എന്നിവരാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു.

നേരത്തെ അങ്ങാടി മരുന്നുകളുടെ കച്ചവടം നടത്തിയിരുന്ന പ്രതികൾ അതിന്റെ മറവിലാണ് ഓർഡർ അനുസരിച്ച് മദ്യം വിതരണം ചെയ്തിരുന്നതെന്ന് എക്സൈസ് അറിയിച്ചു. ഇവരുടെ താമസ സ്ഥലത്ത് നിന്ന് പുതുച്ചേരിയിൽ നിന്ന് കടത്തി കൊണ്ട് വന്ന അര ലിറ്ററിന്‍റെ 77 കുപ്പി വ്യാജ മദ്യം പിടിച്ചെടുത്തു. കാക്കനാട് ഭാഗത്ത് നിന്ന് മൂന്ന് കിലോമീറ്റർ അപ്പുറത്തേക്കുള്ള പ്രദേശങ്ങളിൽ നിന്ന് മാത്രമേ ഓർഡർ എടുത്തിരുന്നുള്ളൂ. മദ്യവിൽപ്പന  പരിസരവാസികൾ അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.  ഇതര സംസ്ഥാനക്കാരുടെ ക്യാംപുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ബുക്കിങ് എടുത്തിരുന്നത്. ഓർഡർ പിടിച്ച് കൊടുത്തിരുന്നത് ഫസലു എന്ന നാസർ ആണെന്നും എക്സൈസ് അറിയിച്ചു.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, എക്സൈസ് ഇന്‍റലിജൻസ്, എറണാകുളം എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് രഹസ്യമായി നടത്തി വന്നിരുന്ന കച്ചവടം പിടികൂടിയത്. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി സജി, ഇൻസ്പെക്ടർ (ഗ്രേഡ്) ടി എൻ അജയകുമാർ, സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്‍റ് സ്ക്വാഡ് പ്രിവന്‍റീവ് ഓഫീസർ എൻ ഡി ടോമി, ഇന്‍റലിജൻസ് പ്രിവന്‍റീവ് ഓഫീസർ എൻ ജി അജിത്ത് കുമാർ, എറണാകുളം റേഞ്ചിലെ പ്രിവന്‍റീവ് ഓഫീസർമാരായ കെ കെ അരുൺ, കെ ആർ സുനിൽ, സ്പെഷ്യൽ സ്ക്വാഡ് വനിതാ സിവിൽ എക്സൈസ് ഓഫീസർ സരിതാ റാണി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി സി പ്രവീൺ എന്നിവരാണ് പരിശോധന നടത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *

Back To Top