വാരണാസിയിലെ കോളേജ് ക്യാമ്പസില്‍ സ്ഥിതി ചെയ്യുന്ന മുസ്‌ലിം പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

വാരണാസി: ഉത്തര്‍പ്രദേശിലെ ഉദയ് പ്രതാപ് കോളേജിലെ മസ്ജിദിനെ ചൊല്ലി സംഘര്‍ഷം. ക്യാമ്പസില്‍ നിന്ന് മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഹിന്ദു വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ജയ് ശ്രീറാം വിളിച്ച് കാവിക്കൊടി വീശി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കോളേജിന് മുന്നില്‍ തടിച്ചുകൂടുകയും ക്യാമ്പസിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയുമായിരുന്നു.മുദ്രാവാക്യം വിളിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ ഗേറ്റിനടുത്തുതന്നെ ഇവരെ തടയുകയായിരുന്നു.മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലം വഖഫ് ബോര്‍ഡിന്റേതല്ലെങ്കില്‍ കെട്ടിടം അവിടെ നിന്ന് മാറ്റണമെന്ന് വിദ്യാര്‍ത്ഥി നേതാവ് വിവേകാനന്ദ് സിങ് ആവശ്യപ്പെട്ടു. മസ്ജിദില്‍ ആരാധന തുടര്‍ന്നാല്‍ ഹനുമാന്‍ ചാലിസ് ചൊല്ലിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുമെന്നും വിദ്യാര്‍ത്ഥി നേതാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രതിഷേധം രൂക്ഷമായെങ്കിലും സമാധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞതായാണ് പൊലീസിന്റെ സ്ഥിരീകരണം. സംഘര്‍ഷത്തില്‍ പങ്കാളികളായവരില്‍ ചിലരെ തിരിച്ചറിഞ്ഞതായും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.മസ്ജിദുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടരുന്നതിനാല്‍ സാഹചര്യം അക്രമാസക്തമായെന്നും എന്നാല്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ പൊലീസിന് കഴിഞ്ഞുവെന്നും കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് വിദുഷ് സക്‌സേന പറഞ്ഞു.സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനമനുവദിച്ചതെന്നും ക്യാമ്പസിന് പുറത്തുള്ളവരുടെ സന്ദര്‍ശനം നിയന്ത്രിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച (3/12/24) മസ്ജിദില്‍ ആളുകള്‍ നമസ്‌ക്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ പുറത്തുനിന്നും വിദ്യാര്‍ത്ഥികള്‍ ഹനുമാന്‍ ചാലിസ ചൊല്ലിയതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ ഏഴോളം പേര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥി കോടതി രൂപീകരിക്കുകയും ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡിന് കത്തയക്കുകയും ചെയ്തിരുന്നു. പള്ളിയുടെ ഉടമസ്ഥതയെ കുറിച്ച് 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്.

പള്ളിയുടെ നിലവിലെ സ്ഥിതി പരിശോധിക്കാന്‍ ഉത്തര്‍പ്രദേശ് സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് കത്തെഴുതിയതായി അഞ്ജുമാന്‍ ഇസ്‌ലാമിയ മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി മുഹമ്മദ് യാസീന്‍ നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top