ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണം; സർക്കാർ നടത്തുമെന്നു പറയുന്ന കോൺക്ലേവ് തട്ടിപ്പ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപക്ഷം ഉയർത്തിയ അതേ കാര്യങ്ങൾ ഡബ്ല്യുസിസിയും ഉയർത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോൺക്ലവ് തെറ്റാണെന്നാണെന്ന് പ്രതിപക്ഷം പറയുന്നത്. റിപ്പോർട്ട് നാലരവർഷം മറച്ചുവെച്ചു. മുഖ്യമന്ത്രി ചെയ്തത് കുറ്റകരമായ കാര്യമാണ്. ഗുരുതരമായ കുറ്റം സർക്കാർ ചെയ്തുവെന്നും വിഡി സതീശൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കോൺക്ലവ് സ്ത്രീത്വത്തിന് എതിരായ നടപടിയാണ്. ഇരകളായ സ്ത്രീകളെ ചേർത്ത് പിടിക്കാൻ ആരേം കണ്ടില്ലല്ലോ. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്‌ ആണ്. കേസെടുക്കാൻ പറ്റില്ലെന്ന ബെഹ്റയുടെ ഉപദേശം സർക്കാർ ആഗ്രഹിച്ചതാണ്. ബെഹ്‌റയല്ല, കേസെടുക്കാണോ വേണ്ടയോ എന്ന തീരുമാനം അറിയിക്കേണ്ടത്. ഇരകളുടെ അഭിമാനം സംരക്ഷിക്കാൻ എല്ലാവരും തയ്യാറാവണം. ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണം. രാഷ്ട്രീയമായല്ല, സ്ത്രീവിഷയം ആയിട്ടാണ് കാണുന്നത്. സർക്കാർ നടത്തുമെന്നു പറയുന്ന കോൺക്ലേവ് തട്ടിപ്പാണ്. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ച് ഇരുത്തി കോൺക്ലേവ് നടത്തിയാൽ തടയുമെന്നും വിഡി സതീശൻ പറഞ്ഞു. 

അതേസമയം, ഹേമ കമ്മറ്റി റിപ്പോർട്ടില്‍ ഗവൺമെന്‍റിനു കൃത്യമായ നിലപാട് ഉണ്ടെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ശക്തമായ നടപടി ഉണ്ടാകും. സ്വമേധയ കേസ് എടുക്കാൻ നിയമമുണ്ട്. നിയമ നടപടികൾ സ്വീകരിക്കാൻ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട് സര്‍ക്കാര്‍ പിടിച്ചു വെച്ചതല്ല. പുറത്ത് വിടുന്നതിന് നിയമപരമായ തടസ്സങ്ങൾ നേരത്തെ ഉണ്ടായിരുന്നു. അതിന്‍റെ  സമയത്ത് പുറത്ത് വിട്ടു. പ്രതിപക്ഷം കണ്ണടച്ചു രാഷ്ട്രീയമായി എതിർക്കുകയാണ്. വസ്തുതാപരമായി പറയുന്നതാണ് അവരുടെ വിശ്വാസ്യതക്കും നല്ലതെന്നും അദ്ദേഹം പറ‍ഞ്ഞു.

അതിനിടെ, സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ ഹര്‍ജി ഇന്ന് പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കാന്‍ ആധാരമാക്കിയ തെളിവുകള്‍ വിളിച്ചു വരുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യമുണ്ട്. റിപ്പോര്‍ട്ടിന്‍മേല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top