‘കൊടകരയിൽ കള്ളപ്പണം എത്തിച്ചത് കർണാടകയിലെ ബിജെപി എംഎൽഎ’; പൊലീസ് ഇ ഡിക്ക് നൽകിയ റിപ്പോർട്ട്

തൃശ്ശൂ‍ർ: കൊടകരയിലേക്ക് കള്ളപ്പണം ഒഴുക്കിയത് കർണാടകയിലെ ബിജെപി എംഎൽഎയെന്ന് കേരള പൊലീസ്. കേസിൽ അറസ്റ്റിലായ ധർമ്മരാജൻ്റെ മൊഴിയെ അടിസ്ഥാനമാക്കി പൊലീസ് ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 41.48 കോടി രൂപയാണ് കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചതെന്ന് കേസന്വേഷിച്ച പൊലീസിന് മുമ്പാകെ കള്ളപ്പണ ഇടപാടുകാരൻ ധർമരാജൻ മൊഴി നൽകിയിരുന്നു.

ധർമരാജൻ വഴി ഹവാലപ്പണമായി 41 കോടി രൂപയാണ് എത്തിയത്. ബിജെപിക്ക് വേണ്ടിയാണ് പണമെത്തിയത്. ഇതിൽ 14.4 കോടി രൂപയാണ് കർണാടകത്തിൽ നിന്ന് എത്തിയത്. മറ്റ് ഹവാല റൂട്ടിലൂടെ 27 കോടി രൂപയെത്തി. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് 7.90 കോടി രൂപയായിരുന്നു. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ വിതരണം ചെയ്തത് 33.50 കോടി രൂപയാണെന്ന് പറയുന്ന റിപ്പോർട്ടിൽ ഹവാല റൂട്ടുകളുടെ പട്ടികയും പൊലീസ് കൈമാറിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ, സംഘടന സെക്രട്ടറി എം.ഗണേശൻ, ഓഫിസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവർ കള്ളപ്പണം കൈകാര്യം ചെയ്തെന്ന് പൊലീസ് ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തെ കള്ളപ്പണ കണക്ക് അന്വേഷിക്കാൻ ഇഡിയോട് ആവശ്യപ്പെട്ടുള്ളതാണ് പൊലീസ് റിപ്പോർട്ട്.

അതിനിടെ 2021 തെര‍ഞ്ഞെടുപ്പില്‍ കൊടകര മോഡൽ പണം ബിജെപി സ്ഥാനർത്ഥികള്‍ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും എത്തിയിട്ടുണ്ടെന്ന് പ്രസീത അഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബത്തേരിയിലേക്ക് മൂന്നര കോടി രൂപ എത്തിയിട്ടുണ്ട്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍ തെളിവ് ലഭിച്ചിട്ടും നടപടിഉണ്ടായില്ലെന്നും പ്രസീത അഴീക്കോട് പറഞ്ഞു. സികെ ജാനുവിന് പൂജാദ്രവ്യങ്ങളെന്ന വ്യാജേനയാണ് 25 ലക്ഷം രൂപ കൈമാറിയതെന്നും പ്രസീത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top