‘ഹാരി ബ്രൂക്ക് അടുത്ത ക്യാപ്റ്റൻ ആകണം, പക്ഷേ തീരുമാനം സൂക്ഷിച്ച് മതി’: നാസർ ഹുസൈൻ

‘ബാറ്ററായും നായകനായും മികവ് പുലർത്താൻ ഹാരി ബ്രൂക്കിന് കഴിയുന്നുണ്ട്’

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഉൾപ്പെടെ തുടർപരാജയങ്ങൾ ഏറ്റുവാങ്ങുന്ന ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ജോസ് ബട്ലർ രാജിവെയ്ക്കണമെന്ന് ഇം​ഗ്ലണ്ട് മുൻ താരം നാസർ ഹുസൈൻ. ഇം​ഗ്ലണ്ട് ക്രിക്കറ്റിന്റെ അടുത്ത ക്യാപ്റ്റനായി ഹാരി ബ്രൂക്ക് എത്തണമെന്നാണ് മുൻ താരം പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ചില ആശങ്കകളും ഹുസൈൻ പങ്കുവെച്ചു.

ഇം​ഗ്ലണ്ട് ടീം തുടർച്ചയായി തോൽവികൾ നേരിടുന്നതിനാൽ ജോസ് ബട്ലർ നായകസ്ഥാനം ഒഴിയേണ്ടതുണ്ട്. ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പുതിയ നായകനായി താൻ കാണുന്നത് ഹാരി ബ്രൂക്കിനെയാണ്. എന്നാൽ ബ്രൂക്കിനെ നായകനാക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. ഇന്ത്യയ്ക്കെതിരെയും പിന്നാലെ ഓസീസിനെതിരെ ആഷസ് പരമ്പരയും വരാനിരിക്കുകയാണ്. ബ്രൂക്കിനെപോലെ ഒരു യുവതാരത്തിന് മേൽ ക്യാപ്റ്റൻസിയുടെ അമിതഭാരം അടിച്ചേൽപ്പിക്കുന്നത് ​ഗുണം ചെയ്യില്ല. ഇം​ഗ്ലണ്ടിനായി ടെസ്റ്റ് കളിക്കുന്ന താരങ്ങൾ തന്നെ ഏകദിന, ട്വന്റി 20 മത്സരങ്ങളും കളിക്കുന്നു. നായകസ്ഥാനം കൂടി ഏൽപ്പിച്ചാൽ അത് കഠിനമാകും. നാസർ ഹുസൈൻ ചൂണ്ടിക്കാട്ടി.

ഹണ്ട്രഡ‍് ലീ​ഗിലും ഓസ്ട്രേലിയയ്ക്കെതിരെ ഏകദിന പരമ്പരയിലും ബ്രൂക്ക് നായകനായത് താൻ ആസ്വദിച്ചു. ബാറ്ററായും നായകനായും മികവ് പുലർത്താൻ ഹാരി ബ്രൂക്കിന് കഴിയുന്നുണ്ട്. എന്നാൽ അധികറോളുകൾ നൽകി ബ്രൂക്കിന്റെ മികവ് നഷ്ടമാക്കരുതെന്ന് ഹുസൈൻ വ്യക്തമാക്കി.

2019ലെ ഏകദിന ലോകകപ്പിന് ശേഷം 29 ഏകദിനങ്ങളിൽ വിജയിച്ച ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം 34ൽ പരാജയപ്പെട്ടു. 2021ലാണ് ജോസ് ബട്ലർ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം നായകസ്ഥാനം ഏറ്റെടുത്തത്. 38 ഏകദിനങ്ങളിൽ ബട്ലർ ഇം​ഗ്ലണ്ടിനെ നയിച്ചപ്പോൾ 14ൽ മാത്രമാണ് വിജയം നേടാനായത്. 2023ലെ ഏകദിന ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് ഇം​ഗ്ലണ്ടിന് വിജയിക്കാനായത്. എങ്കിലും ബട്ലറെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ അനുവദിക്കാനായിരുന്നു ഇം​ഗ്ലണ്ട് ക്രിക്കറ്റിന്റെ തീരുമാനം. എന്നാൽ ഇതിന് ശേഷം ഇം​ഗ്ലണ്ട് കളിച്ച 18 ഏകദിനങ്ങളിൽ നാലിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്. ഇതിൽ രണ്ട് മത്സരങ്ങൾ ഹാരി ബ്രൂക്ക് ആയിരുന്നു ഇം​ഗ്ലണ്ട് നായകൻ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top