പ്ലേയിംഗ് ഇലവനിൽ രോഹിത്തിന്‍റെ സ്ഥാനം ഉറപ്പു പറയാതെ ഗംഭീർ, ആരൊക്കെ കളിക്കുമെന്ന് നാളെ അറിയാമെന്ന് വിശദീകരണം

സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാതെ കോച്ച് ഗൗതം ഗംഭീര്‍. മത്സരത്തലേന്ന് നടത്തിയ വാര്‍ത്താമസമ്മേളനത്തിലാണ് ഗംഭീര്‍ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്ഡകാതിരുന്നത്. പരിക്കേറ്റ പേസര്‍ ആകാശ് ദീപ് നാളെ കളിക്കില്ലെന്ന് പറഞ്ഞ ഗംഭീര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമോ എന്ന ചോദ്യത്തിന് കളിക്കുമെന്നോ ഇല്ലെന്നോ മറുപടി നല്‍കിയില്ലെന്നതും ശ്രദ്ധേയമായി. പ്ലേയിംഗ് ഇലവനെക്കുറിച്ച് നാളെ രാവിലെ മാത്രമെ അന്തിമ തീരുമാനമെടുക്കൂവെന്ന് ഗംഭീര്‍ വ്യക്തമാക്കി.

ടീമിലെ ഓരോ താരത്തിനും ഏത് മേഖലയിലാണ് സ്വന്തം പ്രകടനം മെച്ചപ്പെടുത്തേണ്ടത് എന്ന് വ്യക്തമായി അറിയാം. രാജ്യത്തിനായി കളിക്കുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം തന്നെ താരങ്ങള്‍ പുറത്തെടുക്കണം. ഡ്രസ്സിംഗ് റൂമില്‍ കോച്ചും കളിക്കാരനും തമ്മില്‍ നടക്കുന്ന സംഭാഷണങ്ങളെല്ലാം അവിടെ തന്നെ നില്‍ക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. രോഹിത്തിന്‍റെ കാര്യത്തില്‍ പ്രശ്നങ്ങളൊന്നുമില്ല. പ്ലേയിംഗ് ഇലവനെക്കുറിച്ച് നാളെ  രാവിലെ ടോസിന് മുമ്പ് പിച്ച് കണ്ട് വിലയിരുത്തിയശേഷം അന്തിമ തീരുമാനമെടുക്കും. സിഡ്നിയില്‍ എങ്ങനെ ജയിക്കണമെന്നത് മാത്രമാണ് ടീം അംഗങ്ങള്‍ ഡ്രസ്സിംഗ് റൂമില്‍ ചര്‍ച്ച ചെയ്തതെന്നും ഗംഭീര്‍ പറഞ്ഞു.

ക്യാപ്റ്റന്‍ വാര്‍ത്താ സമ്മേളനത്തിന് എത്താതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ വരണമെന്ന് നിര്‍ബന്ധമൊന്നുമില്ലെന്നും ഇപ്പോള്‍ മുഖ്യപരിശീലകന്‍ ഇവിടെയുണ്ടല്ലോ അതുപോരെ എന്നായിരുന്നു ഗംഭീറിന്‍റെ മറുപടി. സിഡ്നിയില്‍ ജയിച്ച് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്താനാവുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും അതിനെക്കുറിച്ച് മാത്രമാണ് ഡ്രസ്സിംഗ് റൂമില്‍ ടീം ചര്‍ച്ചചെയ്തതെന്നും ഗംഭീര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top