ആഷിക്കാണ് റിമാന്‍ഡിലുള്ള ആകാശിന് കഞ്ചാവ് കൈമാറിയത്
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ച കേസില്‍ രണ്ട് പേർ കൂടി അറസ്റ്റില്‍. പൂര്‍വ വിദ്യാര്‍ഥികളായ ആഷിക്കും ശാരിക്കുമാണ് അറസ്റ്റിലായത്. ആഷിക്കാണ് കേസിലെ മറ്റൊരു പ്രതിയായ ആകാശിന് കഞ്ചാവ് കൈമാറിയത്. വ്യാഴാഴ്ച 8 മണിയോടെയാണ് ആഷിക്ക് കഞ്ചാവ് കൈമാറിയത്.
കോളേജിന് പുറത്തുള്ളവരാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കേസില്‍ പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആദിത്യന്‍ എന്നിവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
ആകാശിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആകാശ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് കച്ചവടം നടത്തുന്ന വ്യക്തിയാണെന്നും, വില്‍പ്പന ലക്ഷ്യം വച്ചുള്ള കഞ്ചാവാണ് ഹോസ്റ്റലില്‍ എത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കഴിഞ്ഞ ദിവസം കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ നിന്ന് രണ്ട് കിലോയില്‍ അധികം കഞ്ചാവ് കണ്ടെത്തിയത്. കളമശ്ശേരി പൊലീസും ഡാന്‍സാഫ് സംഘവുമാണ് റെയ്ഡ് നടത്തിയത്. ആരോപണ പ്രത്യാരോപണങ്ങളുമായി എസ്എഫ്‌ഐയും കെഎസ്യുവും രംഗത്തുണ്ട്.