‘പുഷ്പയുടെ റിലീസിന് ശേഷം കുട്ടികൾ മോശമായി പെരുമാറുന്നു’
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2. ഇപ്പോൾ ഡിജിറ്റൽ സ്ട്രീമിങ് നടത്തിക്കൊണ്ടിരിക്കുകയാണ് ചിത്രം. നെറ്റ്ഫ്ലിക്സിലും സിനിമ ട്രെൻഡിങ്ങാണ്. ഈ വേളയിൽ പുഷ്പ 2 തന്റെ സ്കൂളിലെ പകുതികുട്ടികളെയും മോശമാക്കിയെന്ന് പറയുകയാണ് ഒരധ്യാപിക. ഹൈദരാബാദ് യൂസുഫ്ഗുഡയിലെ സർക്കാർ സ്‌കൂൾ അധ്യാപികയാണ് ഈ പരാതിയുമായി രംഗത്തെത്തിയത്. ഈ വിഷയത്തേക്കുറിച്ച് അധ്യാപിക എജ്യുക്കേഷന്‍ കമ്മീഷനോട് വിശദമാക്കുന്നതിന്റെ വീഡിയോ തെലുങ്ക് മാധ്യമമായ വി6 പുറത്തുവിട്ടു.
‘പുഷ്പയുടെ റിലീസിന് ശേഷം കുട്ടികൾ മോശമായി പെരുമാറുന്നു. വിദ്യാര്‍ത്ഥികള്‍ അസഹനീയമായ ഹെയർസ്റ്റൈലുകളുമായി സ്കൂളുകളിൽ വരുന്നു. അസഭ്യമായി സംസാരിക്കുകയും ചെയ്യുന്നു. ഞങ്ങൾ വിദ്യാഭ്യാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇത് അവഗണിക്കുകയും ചെയ്യുകയാണ്. സർക്കാർ സ്കൂളുകളിൽ മാത്രമല്ല, സ്വകാര്യ സ്കൂളുകളിലും ഇതാണ് സ്ഥിതി. ഒരു അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ ഞാൻ പരാജയപ്പെടുകയാണെന്ന് എനിക്ക് തോന്നുന്നു.
ഒരു അധ്യാപിക എന്ന നിലയിൽ, വിദ്യാർത്ഥികളെ ‘ശിക്ഷിക്കാൻ’ തനിക്ക് തോന്നില്ല. കാരണം അത് അവരെ സമ്മർദ്ദത്തിലാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തിന് കാരണം സോഷ്യല്‍ മീഡിയയും സിനിമയുമാണ്. ഞങ്ങൾ ഈ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മാതാപിതാക്കളെ വിളിക്കുമ്പോഴും അവർ കുട്ടികളെ ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല. ഞങ്ങള്‍ക്ക് അവരെ ശിക്ഷിക്കാൻ പോലും കഴിയില്ല, കാരണം അത് അവരെ ആത്മഹത്യയിലേക്ക് വരെ നയിച്ചേക്കാം. ഇതിനെല്ലാം ഞാൻ മാധ്യമങ്ങളെയാണ് കുറ്റപ്പെടുത്തുന്നത്. എന്‍റെ സ്കൂളിലെ പകുതി വിദ്യാർത്ഥികളും പുഷ്പ കാരണം മോശമായി. വിദ്യാര്‍ത്ഥികളെ മോശമായി ബാധിക്കും എന്ന് ചിന്തയില്ലാതെയാണ് ആ ചിത്രത്തിന് സർട്ടിഫിക്കേഷൻ നൽകിയത്,’ അധ്യാപിക പറഞ്ഞു.
എന്നാല്‍ പുഷ്പ സിനിമ വിദ്യാര്‍ത്ഥികളെ മോശമാക്കി എന്ന അധ്യാപികയുടെ പ്രസംഗം വൈറലായതിന് പിന്നാലെ ഇതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തര്‍ക്കമാണ്. അഭിപ്രായത്തെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. സിനിമ കുട്ടികളെ മോശമായി സ്വാധീനിക്കുന്നുവെന്നുവെങ്കിൽ അതുപോലെതന്നെ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എത്ര ഐഎഎസുകാരനും ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായേനെയെന്ന് മറ്റുചിലർ പരിഹസിച്ചു.