12.5 കോടി നഷ്ടപരിഹാരം വേണം, ഹോട്ടൽ ലോബിയിൽ മൂത്രമൊഴിച്ചതിന് ജോലി പോയ മുൻ ലെനോവോ ജീവനക്കാരൻ

ഹോട്ടൽ ലോബിയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ ജോലി പോവുക. അങ്ങനെയൊരു കാര്യം ചിന്തിക്കാനാവുമോ? ഇതാണ് ലെനോവോയിലെ ഒരു ജീവനക്കാരന് സംഭവിച്ചത്. 66 -കാരനായ റിച്ചാർഡ് ബെക്കറിനാണ് ഇത് സംഭവിച്ചത്. ഇപ്പോൾ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബെക്കർ കേസ് കൊടുത്തിരിക്കുകയാണ്.

ലെനോവോയിലെ സെയിൽസ്മാനായിരുന്നു ബെക്കർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു ബിസിനസ് ട്രിപ്പ് പോയതാണ് അദ്ദേഹം. ടൈംസ് സ്‌ക്വയർ വെസ്റ്റിനിലാണ് അന്നദ്ദേഹം താമസിച്ചത്. ബിസിനസ് മീറ്റിം​ഗിനിടെ പലതവണ അദ്ദേഹത്തിന് ബാത്ത്റൂമിലേക്ക് പോകേണ്ടതായി വന്നു. അവസാനമായി മീറ്റിം​ഗ് കഴിഞ്ഞ് മുറിയിലേക്ക് പോകവേ ബെക്കറിന് വീണ്ടും കഠിനമായി മൂത്രമൊഴിക്കാൻ തോന്നുകയും അദ്ദേഹം അതിനായി ഓടുകയും ചെയ്തു. എന്നാൽ, മുറിയിലെത്തുന്നത് വരെ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ലോബിയിൽ മൂത്രമൊഴിച്ചു പോയി. 

താൻ ഒരു യൂറോളജിസ്റ്റിനെ കാണുന്നുണ്ട് എന്നും 2016 മുതൽ താൻ ചില പ്രത്യേക ആരോ​ഗ്യപ്രശ്നങ്ങളിലൂടെ കടന്നു പോവുകയാണ് എന്നും അതാണ് ഈ അവസ്ഥകൾക്ക് ഒക്കെ കാരണം എന്നും ബെക്കർ പറയുന്നു. 

എന്തായാലും, ഹോട്ടൽ ലോബിയിൽ നടന്ന സംഭവം ബെക്കറിന്റെ സഹപ്രവർത്തകൻ കാണുകയും ഇയാൾ ഇത് മനപ്പൂർവ്വം കമ്പനിയിൽ അറിയിക്കുകയും ചെയ്തു. നാല് ദിവസം കഴിഞ്ഞപ്പോൾ ലെനോവോ ബെക്കറിനെ പിരിച്ചുവിട്ടു. ഇപ്പോൾ ബെക്കർ കമ്പനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. $1.5 മില്ല്യൺ (12.6 കോടി) നഷ്ടപരിഹാരം തരണമെന്നാണ് ബെക്കറിന്റെ ആവശ്യം. 

തന്റെ അസുഖവുമായി ബന്ധപ്പെട്ടുണ്ടായ സംഭവമാണ്. തന്റെ അസുഖത്തെ കുറിച്ച് കമ്പനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നിട്ടും കമ്പനി തന്നോട് വിവേചനം കാണിച്ചു എന്നെല്ലാം കാണിച്ചാണ് ബെക്കർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

Back To Top