കാസർകോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടക്കേസിൽ എട്ട് ക്ഷേത്രഭാരവാഹികൾക്കെതിരെയും കൊലപാതക കുറ്റം ചുമത്തി പൊലീസ്. ഇതുമായി ബന്ധപ്പെട്ട പ്രഥമ വിവര റിപ്പോർട്ട് അന്വേഷണ സംഘം കോടതിയ്ക്ക് കൈമാറി. ജാമ്യം ലഭിച്ച പ്രതികൾക്കെതിരെ കഴിഞ്ഞ ദിവസം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു. മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്കെതിരെ വാറന്റ് പുറപ്പെടുവിക്കാൻ നിർദേശം നൽകിയത്.
ജാമ്യത്തിലിറങ്ങിയ ക്ഷേത്രം ഭാരവാഹികൾക്ക് കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച സെഷൻസ് കോടതി കേസ് പരിഗണിച്ചപ്പോൾ പ്രതികൾ ഹാജരായില്ല. തുടർന്നാണ് വാറന്റ് പുറപ്പെടുവിപ്പിക്കാൻ കീഴ്ക്കോടതിയ്ക്ക് നിർദേശം നൽകിയത്. ജാമ്യം ലഭിച്ച പ്രതികൾ പൊലീസിൽ കീഴടങ്ങാതെ ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ നാല് പേരാണ് മരിച്ചത്. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്(19) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്നലെ മരിച്ചിരുന്നു. കെ രതീഷ്(32), ബിജു(38) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞവരാണ് മരിച്ചത്. ഇവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 28ന് അര്‍ധരാത്രിയാണ് ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം അരങ്ങിലെത്തിയപ്പോഴായിരുന്നു സംഭവം. പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു. ഇരുന്നൂറിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.