‘പോരാട്ടം അവസാനിച്ചിട്ടില്ല, ഈ സ്‌നേഹത്തിന് എനിക്ക് കടംവീട്ടണം, ഗുസ്തിയിലേക്ക് മടങ്ങാൻ കഴിയും’

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടിട്ടും വിനേഷ് ഫോഗട്ട് രാജ്യത്ത് തിരിച്ചെത്തിയപ്പോള്‍ ഉജ്ജ്വലസ്വീകരണമായിരുന്നു ലഭിച്ചത്. ആര്‍പ്പും ആരവവും ആഹ്ലാദവും ഉയര്‍ത്തി ഡല്‍ഹി വിമാനത്താവളത്തില്‍ തുടങ്ങി, 20 ഓളം സ്വീകരണയോഗങ്ങളില്‍ പങ്കെടുത്ത് വിനേഷ് സ്വന്തം ഗ്രാമത്തിലെത്തിയപ്പോള്‍ പുലര്‍ച്ചെ ഒരു മണിയായിരുന്നു. നീണ്ട യാത്രയ്‌ക്കൊടുവില്‍ ഹരിയാണയിലെ ചാര്‍ഖി ദാദ്രി ജില്ലയിലെ ബാലാലി ഗ്രാമത്തിലെത്തിയപ്പോഴേക്കും വിനേഷ് ക്ഷീണിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പ്രിയ താരത്തെ കാത്ത് നൂറു കണക്കിന് ഗ്രാമീണര്‍ ഉറക്കമിഴിച്ച് അവിടെ തടിച്ചുകൂടിയിരുന്നു.

‘ഒളിമ്പിക്സ് മെഡല്‍ നഷ്ടമായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ മുറിവ് ഉണക്കാന്‍ എത്ര സമയമെടുക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ എന്റെ സഹ ഇന്ത്യന്‍ താരങ്ങളില്‍ നിന്നും എന്റെ ഗ്രാമത്തില്‍ നിന്നും എന്റെ കുടുംബാംഗങ്ങളില്‍ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള സ്‌നേഹം, ഈ മുറിവ് ഉണക്കാന്‍ എനിക്ക് കുറച്ച് ധൈര്യം ലഭിക്കും. ഒരുപക്ഷേ, എനിക്ക് ഗുസ്തിയിലേക്ക് മടങ്ങാം. ഞാന്‍ ഗുസ്തി പിന്തുടരുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ഇന്ന് എനിക്ക് ലഭിച്ച ധൈര്യം, അത് ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല, പോരാട്ടം തുടരും, സത്യം ജയിക്കണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു’ വിനേഷ് തന്റെ ഗ്രാമത്തിലുള്ളവരോട് പറഞ്ഞു.

100 ഗ്രാം അധികമായതിനെത്തുടര്‍ന്ന് അയോഗ്യയാക്കിയതിന് പിന്നാലെ വിനേഷ് വിരമിക്കല്‍ പ്രഖ്യപിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് തിരിച്ചെത്തിയ ശേഷം നടത്തിയ പ്രതികരണത്തില്‍ വിനേഷ് ഗുസ്തിയിലേക്ക് മടങ്ങിയെത്തുമെന്ന സൂചനയാണ് നല്‍കുന്നത്.

അവശയായ വിനേഷിന് സംസാരിക്കുന്നതിനിടെ ഒ.ആര്‍.എസ് ലായനി നല്‍കുന്നുണ്ടായിരുന്നു. എല്ലാ അംഗീകാരങ്ങള്‍ക്കും താന്‍ അര്‍ഹയാണോ അല്ലയോ എന്ന് തനിക്കിപ്പോഴും അറിയില്ല. പക്ഷേ, ഈ ഗ്രാമത്തില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ ഏറ്റവും വലിയ ഭാഗ്യമായി താന്‍ കരുതുന്നുവെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top