സ്ത്രീത്വത്തെ അപമാനിച്ചു; ബീന ആന്റണിക്കും സ്വാസികക്കുമെതിരെ കേസ്

കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന യുവനടിയുടെ പരാതിയെ തുടർന്ന് സിനിമ, സീരിയൽ താരമായ ബീന ആന്റണി, പങ്കാളി മനോജ്, നടി സ്വാസിക എന്നിവർക്കെതിരെ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തത്.

കേസിൽ ബീന ആന്റണി ഒന്നാം പ്രതിയും പങ്കാളി മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്. ആലുവ സ്വദേശിയായ നടിയെ താരങ്ങൾ യുട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന് നടി നെടുമ്പാശ്ശേരി പൊലീസ് സ്റ്റഷനിൽ പരാതി നൽകുകയായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്കെതിരെ നടി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ബീന ആന്റണിയും ഭർത്താവും സ്വാസികയും തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്നാണ് നടി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് മൂന്ന് പേരുടേയും പരാമര്‍ശം എന്നും നടി പറഞ്ഞു. താന്‍ ഒരുകാലത്തും തെറ്റായ വഴിയിലൂടെ സഞ്ചരിച്ചിട്ടില്ല, അവസരങ്ങള്‍ക്ക് വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇപ്പോള്‍ പലതും വിളിച്ചു പറയുന്ന സ്ത്രീകളെപ്പോലെ അല്ല തനിക്ക് അവസരങ്ങള്‍ കിട്ടിയത് എന്നുമായിരുന്നു ബീന ആന്റണി പറഞ്ഞത്.

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ബീന ആന്റണി പറഞ്ഞിരുന്നു.

നേരത്തെ നടിക്കെതിരെ മനോജ് തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മനോജിനും ബീന ആന്റണിക്കും എതിരെ നടിയും രംഗത്തെത്തി. ‘ഭാര്യ എന്ത് ചെയ്താലും കുഴപ്പമില്ല, മറ്റുള്ള സ്ത്രീകളെ പറയാന്‍ നടക്കുകയാണ് ഇയാള്‍’ എന്നായിരുന്നു നടി മനോജിനെതിരെ പറഞ്ഞത്. മനോജിന്റെ ഭാര്യയുടെ പല കഥകളും തനിക്കറിയാമെന്നും വേണമെങ്കില്‍ വീഡിയോ പങ്കുവെക്കുമെന്നും അവർ പറയുകയും ചെയ്തു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഉയര്‍ന്ന ചില ആരോപണങ്ങളില്‍ വിശ്വാസ്യതയില്ല എന്നായിരുന്നു സ്വാസിക ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ചാനലുകളില്‍ വന്നിരുന്ന് കുറേ പേര്‍ പറയുന്നത് സത്യമാണെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല എന്നും കുറ്റം തെളിഞ്ഞ ശേഷം ഒരാളെ കുറ്റപ്പെടുത്തുന്നതായിരിക്കാം നല്ലത് എന്നും സ്വാസിക കൂട്ടിച്ചേർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top