ന്യൂദല്‍ഹി: കര്‍ഷകരുടെ ദല്‍ഹി ചലോ മാര്‍ച്ച് താത്ക്കാലികമായി നിര്‍ത്തിവെച്ചു. ദല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകരുടെ പ്രതിനിധികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഒരാഴ്ച സമയമാണ് ഉദ്യോഗസ്ഥര്‍ കര്‍ഷകരോട് ആവശ്യപ്പെട്ടത്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിന് ഒരാഴ്ചക്കകം ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ചര്‍ച്ച നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതായും കര്‍ഷക പ്രതിനിധികളും ചീഫ് സെക്രട്ടറിയും തമ്മില്‍ ചര്‍ച്ച നടത്തുന്നതു വരെ തങ്ങളുടെ മാര്‍ച്ച് താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതായുമാണ് കര്‍ഷകര്‍ അറിയിച്ചത്.
ഒരാഴ്ചക്കകം തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും ഭാരതീയ കിസാന്‍ പരിഷത്ത് നേതാവ് സുഖ്ബീര്‍ ഖലീഫ അറിയിച്ചു. കര്‍ഷകര്‍ ചൂഷണത്തിന് വിധേയരാവുന്നുണ്ടെന്നും എന്നാല്‍ ഇനി മുതല്‍ അത് നടക്കില്ലെന്നും പറഞ്ഞ അദ്ദേഹം ഒരാഴ്ച കാലയളവ് അവസാനിക്കുന്നത് വരെ കര്‍ഷകര്‍ ദല്‍ഹിയിലെ ദളിത് പ്രേരണ സ്ഥലത്ത് ക്യാമ്പ് ചെയ്യുമെന്നും പറഞ്ഞു.
മിനിമം താങ്ങുവിലയ്ക്ക് (എം.എസ്.പി ) നിയമപരമായ ഗ്യാരണ്ടി ഉള്‍പ്പെടെയുള്ള കാര്‍ഷിക പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് ഭാരതീയ കിസാന്‍ പരിഷത്ത് (ബി.കെ.പി) മറ്റ് കര്‍ഷക ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചത്.
എം.എസ്.പിയുടെ നിയമപരമായ ഗ്യാരണ്ടി കൂടാതെ, കര്‍ഷക വായ്പ എഴുതിത്തള്ളുക, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കരുത്, പൊലീസ് കേസുകള്‍ പിന്‍വലിക്കുക, 2021 ലെ ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക എന്നിവയാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമവും മുന്‍ സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും നല്‍കാനും അവര്‍ ആവശ്യപ്പെടുന്നുണ്ട്.
ഇന്നലെ നടന്ന കര്‍ഷകരുടെ മാര്‍ച്ച് ദല്‍ഹി നോയിഡ അതിര്‍ത്തില്‍ ഗതാഗത കുരുക്കുള്‍പ്പെടെ മെട്രോ, റെയില്‍ ഗതാഗതം എന്നിവയെയും സാരമായി ബാധിച്ചിരുന്നു.