കുമ്പള : ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ അധ്യാപികയുടെ പേരിൽ വീണ്ടും രണ്ട് കേസുകൾ കൂടി. പുത്തിഗെ ബാഡൂർ എ.എൽ.പി. സ്കൂൾ അധ്യാപിക സചിതാ റൈ (27)യുടെ പേരിലാണ് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതി. മഞ്ചേശ്വരം കടമ്പാർ മൂഡംബയലിലെ എം.മോക്ഷിത് ഷെട്ടി, ദേലമ്പാടി ശാന്തിമല വീട്ടിൽ സുചിത്ര എന്നിവരാണ് പരാതി നൽകിയത്.
കർണാടക എക്സൈസ് വകുപ്പിൽ ക്ലാർക്ക് ജോലി വാഗ്ദാനം ചെയ്തായിരുന്നു ഒരുലക്ഷം രൂപ മോക്ഷിത് ഷെട്ടി അധ്യാപികയ്ക്ക് നൽകിയത്. ഗൂഗിൾ പേ വഴിയാണ് തുക നൽകിയത്. നേരത്തേ പരിചയമുള്ള അധ്യാപികയെന്ന നിലയിലായിരുന്നു പണം കൊടുത്തത്. അടുത്തിടെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. വാട്സാപ്പ് വഴി പണം തിരികെ ആവശ്യപ്പെട്ട് സന്ദേശം അയച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ല. പിന്നീടാണ് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.