പാകിസ്താൻ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണരീതിയെ വിമർശിച്ച് വസീം അക്രം
ഇന്ത്യയോട് നാണംകെട്ട തോൽവിയേറ്റു വാങ്ങുകയും ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പുറത്താവുകയും ചെയ്ത പാകിസ്താൻ ടീമിനെതിരെ വിമർശനം തുടർന്ന് വസീം അക്രം. താരങ്ങളുടെ കളി രീതിമാത്രമല്ല, ഭക്ഷണ രീതിയും മറ്റ് ഇടപെടലുകളും പ്രാകൃതമാണെന്ന് മുൻ പാക് നായകൻ കൂടിയായ വസീം അക്രം പറഞ്ഞു.
ഇന്ത്യക്കെതിരായ മത്സരത്തിനിടെ പാക് താരങ്ങളുടെ ഭക്ഷണരീതിയെ ഉദാഹരണമായി പറഞ്ഞാണ് അക്രം ഈ വിമർശനം ഉന്നയിച്ചത്. ‘ഇന്ത്യക്കെതിരായ മത്സരത്തിന്‍റെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഡ്രിങ്ക്സ് ബ്രേക്കിനിടെ ഞാന്‍ കണ്ടത് പാക് കളിക്കാര്‍ക്ക് ഒരു പ്ലേറ്റ് നിറയെ നേന്ത്രപ്പഴം കൊണ്ടുവന്നിരിക്കുന്നതാണെന്നും കുരങ്ങന്‍മാര്‍പോലും അത്രയും നേന്ത്രപ്പഴം കഴിക്കില്ല എന്നും അക്രം പറഞ്ഞു. ഇമ്രാന്‍ ഖാന്‍ ക്യാപ്റ്റനായിരുന്ന കാലത്തായിരുന്നു ഞങ്ങളൊക്കെ ഇത് ചെയ്തതെങ്കില്‍ ഞങ്ങളെ തല്ലുമായിരുന്നുവെന്ന് അക്രം ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് പാകിസ്താൻ ബൗളര്‍മാരെല്ലാവരും ചേര്‍ന്ന് വീഴ്ത്തിയത് 60 വിക്കറ്റാണ്. അതും 60.60 ശരാശരിയില്‍. അഥവാ ഒരു വിക്കറ്റിന് 60 റൺസ് വിട്ടുകൊടുത്തു. ഞെട്ടിക്കുന്ന കണക്കുകളാണിത്. അസോസിയേഷൻ രാജ്യങ്ങൾ പോലും ഇതിലേറെ മികച്ച രീതിയിൽ കളിക്കുമെന്നും അക്രം കുറ്റപ്പെടുത്തി.
അതേ സമയം ചാംപ്യൻസ് ട്രോഫിയില്‍ ആതിഥേയരായ പാകിസ്താന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനോടും തുടര്‍ന്ന് ദുബായില്‍ ഇന്ത്യയോടും തോറ്റതോടെയാണ് സെമി വഴിയടഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശുമായി ഒരു മത്സരമാണ് ഇനി ബാക്കിയുള്ളത്. ഇതിലൂടെ ഒരു ആശ്വാസ ജയം മാത്രമാണ് ആതിഥേയർ ലക്ഷ്യമിടുന്നത്.