അധ്യാപകരുടെ എതിർപ്പുകൾക്കിടയിലും യു.ജി വിദ്യാർത്ഥികൾക്കായി ഭഗവദ് ഗീത, വിക്ഷിത് ഭാരത് കോഴ്സുകൾ നിർദേശിച്ച് ദൽഹി യൂണിവേഴ്സിറ്റി

ന്യൂദൽഹി: നാലുവർഷത്തെ ബിരുദ (യു.ജി) പ്രോഗ്രാമുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്കായി ഭഗവദ് ഗീത, വിക്ഷിത് ഭാരത് എന്നിവ ഉൾപ്പെടുന്ന അഞ്ച് പുതിയ മൂല്യവർധിത കോഴ്‌സുകൾ നിർദേശിച്ച് ദൽഹി സർവകലാശാല. ഇതിൽ നാലെണ്ണം ഭഗവദ് ഗീതയെക്കുറിച്ചുള്ളതാണ്. അഞ്ചാമത്തേത് വിക്ഷിത് ഭാരതിനെക്കുറിച്ചും.

ഗീതയിൽ വിവരിച്ചിരിക്കുന്നതുപോലെ ആത്മജ്ഞാനത്തിൻ്റെ വിവിധ ഘട്ടങ്ങൾ വിശകലനം ചെയ്യുക, വ്യക്തിപരവും അക്കാദമികവുമായ വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുക, ജീവിതത്തോടുള്ള ശക്തമായ സമീപനം വളർത്തിയെടുക്കുക എന്നിവയാണ് കോഴ്‌സ് ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതെന്നാണ് ദൽഹി യൂണിവേഴ്സിറ്റിയുടെ വാദം.

ദ ഗീത ഫോർ ഹോളിസ്റ്റിക് ലൈഫ് , ലീഡർഷിപ്പ് എക്‌സലൻസ് ത്രൂ ദി ഗീത , ദി ഗീത ഫോർ എ സസ്‌റ്റൈനബിൾ വേൾഡ് , ദി ഗീത: നാവിഗേറ്റിങ് ലൈഫ് ചലഞ്ചുകൾ , വിക്ഷിത് ഭാരത്; വീക്ഷണങ്ങളും വെല്ലുവിളികളും എന്നിവയാണ് പുതിയ കോഴ്സുകൾ.

ഈ പുതിയ കോഴ്‌സുകൾ സർവകലാശാലയുടെ വി.എ.സി കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. അംഗീകാരം ലഭിച്ചാൽ, ആദ്യ രണ്ട് വർഷങ്ങളിൽ നാല് വർഷത്തെ ബിരുദ പ്രോഗ്രാമിൽ പഠിപ്പിക്കുന്ന നിലവിലെ വി.എ.സി കോഴ്സുകളുടെ കൂടെ അവയും ഉൾപ്പെടുത്തും. നിരവധിപേർ കോഴ്സുകൾക്കെതിരെ വിമർശനവുമായി മുന്നോട്ടെത്തിയിട്ടുണ്ട്.

‘ഈ വി.എ.സികളിൽ ഭൂരിഭാഗത്തിനും പ്രസക്തിയില്ല, മാത്രമല്ല തൊഴിൽ സാധ്യതകളുടെ കാര്യത്തിൽ വലിയ പ്രാധാന്യം ഉള്ള കോഴ്സുകളല്ല ഇത്. അവർ കോർ ഓണേഴ്സ് കോഴ്സുകളുടെ പ്രാധാന്യം ഇല്ലാതാക്കുകയാണ് ഇതിലൂടെ അവയെ പൂർണ്ണമായും അപ്രസക്തമാക്കുകയാണിവിടെ,’ ഹിന്ദു കോളേജിലെ അസോസിയേറ്റ് പ്രൊഫസറും യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗൺസിൽ (ഇ.സി) അംഗവുമായ സീമ ദാസ്, വി.എ.സികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020ൻ്റെ ഭാഗമായി അവതരിപ്പിച്ച നാല് വർഷത്തെ ബിരുദ പ്രോഗ്രാമിന് കീഴിൽ, വ്യത്യസ്ത വിഷയങ്ങൾ വാഗ്ദാനം ചെയ്യുന്ന കോഴ്‌സുകളാണ് വി.എ.സികൾ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top