മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. തൊഴില്‍ വിലക്കിന്റെ മാഫിയവയ്ക്കരണം മലയാള സിനിമയിലെ ഗൗരവതരമായ പ്രശ്‌നമാണെന്ന് വിനയന്‍ ഫേസ്ബുക്കിലൂടെ തുറന്നടിച്ചു. വിലക്കലായിരുന്നു സിനിമയിലെ പീഡനങ്ങളുടെ ബ്ലാക്ക് മെയില്‍ തന്ത്രം. മാക്ട ഫെഡറേഷന്‍ തകര്‍ക്കതില്‍ നിന്നല്ലേ തെമ്മാടിത്തരത്തിന്റെയെല്ലാം തുടക്കമെന്ന് വിനയന്‍ ചോദിക്കുന്നു. ഇത് കാലത്തിന്റെ കാവ്യനീതിയാണ്. മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്നവര്‍ മനസാക്ഷിയുടെ കണ്ണാടിയിലേക്ക് ഒന്ന് നോക്കണമെന്നും നിങ്ങളുടെ മുഖം വികൃതമല്ലേയെന്നും വിനയന്‍ ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിയില്‍ വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ.. ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ…. നിങ്ങളുടെ മുഖം വികൃതമല്ലേ…?
സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ നിന്നും അവര്‍ക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകള്‍ക്കാണ്. അതിലവര്‍ എടുക്കുന്ന നിലപാടുകള്‍ ഏമാനെ സുഖിപ്പിക്കുന്നതാകരുത്. സ്ത്രീ സുരക്ഷ പോലെ തന്നെ ഗൗരവതരമാണ് സിനിമയിലെ തൊഴില്‍ വിലക്കിന്റെ മാഫിയാ വല്‍ക്കരണം.ആ ഉമ്മാക്കിയാണല്ലോ ഈ പീഢനങ്ങളുടെ എല്ലാം ബ്ലാക്‌മെയില്‍ തന്ത്രം.
വൈരവിര്യാതന ബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂര വിനോദത്തിനു വിധേയനായ ഒരാളാണല്ലോ ഞാനും.. നിങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍, മുഖത്തു നോക്കി കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ എന്റെ പന്ത്രണ്ടോളം വര്‍ഷം വിലക്കി നശിപ്പിച്ചവരാണു നിങ്ങള്‍..
ഏതു പ്രമുഖന്റെയും മുഖത്തു നോക്കി കാര്യങ്ങള്‍ തുറന്നു പറയാന്‍ ഏതു ജൂണിയര്‍ ആര്‍ട്ടിസ്റ്റിനും ധൈര്യം കൊടുക്കുന്ന ഒരു സംഘടന മലയാളസിനിമയില്‍ ഉണ്ടായതിന്റെ രണ്ടാം വര്‍ഷം നിങ്ങള്‍ അതിനെ തകര്‍ത്ത് നിങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ഒരു സംഘടന ഉണ്ടാക്കിയത് എന്തിനാണ്?
അവിടെ നിന്നല്ലേ ഈ തെമ്മാടിത്തരങ്ങളുടേയും ആധുനിക സിനിമാ ഗുണ്ടായിസത്തിന്റെയും വേലിയേറ്റം മലയാള സിനിമയേ കൂടുല്‍ മലീമസമാക്കാന്‍ തുടങ്ങിയത്?
സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു ഞാന്‍. സംഘടന തകര്‍ത്തിട്ടും വൈരാഗ്യം തീരാഞ്ഞ നിങ്ങള്‍ എന്നെയും വിലക്കി.. നേരത്തേ നിങ്ങളുടെ കണ്ണിലെ കരടായിരുന്ന തിലകന്‍ ചേട്ടന്‍ വിനയന്റെ ഭാഗത്താണ് ന്യായം എന്നു പറഞ്ഞതോടെ അദ്ദേഹത്തെയും നിങ്ങള്‍ വിലക്കി പുറത്താക്കി. അദ്ദേഹത്തിന്റെ മരണശേഷം ഞാന്‍ നിങ്ങടെ വിലക്കിനെതിരെ കോടതിയില്‍ പോയി..കോമ്പറ്റീഷന്‍ കമ്മീഷന്‍ നിങ്ങള്‍ക്കെതിരെ വിധിച്ചു.. കോടികള്‍ മുടക്കി നിങ്ങള്‍ സുപ്രീം കോടതി വരെ പോയി കേസു വാദിച്ചപ്പോള്‍ എതിര്‍ഭാഗത്ത് ഞാന്‍ ഒറ്റപ്പെട്ടു പോയിരുന്നു.. പക്ഷേ സത്യം എന്റെ ഭാഗത്തായിരുന്നു.. അമ്മ സംഘടനയ്ക്കു നാലു ലക്ഷം രൂപയാണ് ഫൈന്‍ അടിച്ചത്..
ഫെഫ്കയുള്‍പ്പടെ മററു സംഘടനകള്‍ക്കും പല പ്രമുഖര്‍ക്കും പിഴ അടക്കേണ്ടി വന്നു ചില പ്രമുഖ നടന്‍മാര്‍ ശിക്ഷയില്‍ നിന്നും സാങ്കേതികത്വം പറഞ്ഞ് രക്ഷ പെട്ടു എന്നത് സത്യമാണ്.വീണ്ടും തെളിവുകളുമായി അവരുടെ പുറകേ പോകാനൊന്നും ഞാന്‍ നിന്നില്ല.എനിക്ക് എന്റെ ഭാഗം സത്യമാണന്ന് ജനങ്ങളെ അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളു..