കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ 15 അടി ഉയരമുള്ള താത്കാലിക വേദിയില്‍നിന്നു വീണ് ഉമാ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകരെ വിമര്‍ശിച്ച് സംവിധായകന്‍ എം.എ. നിഷാദ്. അപകടം നടന്നിട്ടും അത് വക വെക്കാതെ, പരിപാടിയുമായി മുന്നോട്ട് പോയ സംഘാടകരും ഇവന്റ് മാനേജേഴ്‌സുമാണ് പ്രധാന പ്രതികളെന്ന് അദ്ദേഹം പറഞ്ഞു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ, നടത്തിയ പരിപാടിയുടെ അണിയറക്കാരെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹ നൃത്തത്തില്‍ ഒരാളേ ഫോക്കസ് ചെയ്ത് മറ്റ് നര്‍ത്തകിമാരെ പശ്ചാത്തലത്തിൽ നൃത്തം ചെയ്യിപ്പിച്ച രീതിയേയും അദ്ദേഹം അപലപിച്ചു.
എം.എ. നിഷാദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. എംഎല്‍എ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. പക്ഷെ ചില ചോദ്യങ്ങള്‍ക്ക്, ഉത്തരം കിട്ടിയേ മതിയാവു… ഗിന്നസ്ബുക്കില്‍ ഇടം നേടാന്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മൃദംഗനാദം എന്ന നൃത്ത പരിപാടി, അക്ഷരാര്‍ത്ഥത്തില്‍ ‘മൃഗീയ നാടകം’ ആയിരുന്നു എന്നുളളതിന്റെ വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. സമൂഹ നൃത്തത്തില്‍ ഒരാളേ മാത്രം ഫോക്കസ് (ദിവ്യാ ഉണ്ണി) ചെയ്ത് മറ്റ് നര്‍ത്തകിമാരെ, സിനിമയിലെ നൃത്തരംഗത്ത് അവതരിപ്പിക്കുന്ന സംഘ നര്‍ത്തതകര്‍, അല്ലെങ്കില്‍ ഡാന്‍സേഴ്‌സ് (സിനിമാ ഭാഷയില്‍) ആയി പശ്ചാത്തലത്തിൽ നൃത്തം ചെയ്യിപ്പിച്ച രീതി തികച്ചും അപലപനീയമാണ്.
ഒരപകടം നടന്നിട്ടും അത് വക വെക്കാതെ, പരിപാടിയുമായി മുന്നോട്ട് പോയ സംഘാടകരും ഇവെന്ററെ മാനേജേഴ്‌സുമാണ് പ്രധാന പ്രതികള്‍. അവരുടെ പേരുകള്‍ പുറത്ത് വിടണം. ആരൊക്കെയാണ് ഈ പരിപാടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയാനുളള അവകാശം പൊതു സമൂഹത്തിനുണ്ട്. ഒരു നര്‍ത്തകിയുടെ കൈയ്യില്‍ നിന്നും എത്ര രൂപ വാങ്ങി സംഘാടകര്‍ എന്ന കണക്കും പുറത്ത് വന്നു. അപ്പോള്‍, ഇതിന്റെ പുറകിലെ കച്ചവട ലക്ഷ്യം പുറത്തറിയുക തന്നെ വേണം. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ, നടത്തിയ പരിപാടിയുടെ അണിയറക്കാരെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം.