പി.വി. അന്‍വറിന്റെ ആരോപണം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി

കോട്ടയം: പോലീസിനേയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിലാക്കി പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഡിജിപി കൂടിക്കാഴ്ച നടത്തുന്നു. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസില്‍വെച്ചാണ് ഡിജിപി ഷേക്ക് ദര്‍വേശ് സാഹേബ് മുഖ്യമന്ത്രിയെ കാണുന്നത്.

എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെയും പത്തനംതിട്ട എസ്.പി. സുജിത് ദാസിനെയും മാറ്റിനിര്‍ത്തിയുള്ള അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. മരംമുറി പരാതി പിന്‍വലിക്കാന്‍ അന്‍വറിനോട് കെഞ്ചി ഫോണ്‍ വിളിച്ച മലപ്പുറം മുന്‍ എസ്പി കൂടിയായ സുജിത് ദാസിന് സസ്‌പെന്‍ഡ് ചെയ്യാനുള്ള സാധ്യതയുമുണ്ട്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമായുള്ള എ.ഡി.ജി.പി.യുടെ ബന്ധം സംബന്ധിച്ച ആരോപണംകൂടി വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഡിജിപി മുഖ്യമന്ത്രിയെ നേരില്‍ കാണുന്നത്.

എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവര്‍ക്കുനേരേ കഴിഞ്ഞ ദിവസമാണ് ഇടത് എംഎല്‍എ ആയ അന്‍വര്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വഹിക്കുന്ന ആഭ്യന്തരവകുപ്പിനെത്തന്നെ പ്രതിസന്ധിയിലാക്കിയാണ് ഭരണപക്ഷ എം.എല്‍.എ.യായ അന്‍വറിന്റെ ആരോപണങ്ങള്‍.

ഞായറാഴ്ച എ.ഡി.ജി.പി.ക്കെതിരേ കൂടുതല്‍ ആരോപണങ്ങളുമായാണ് അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. രാജ്യവിരുദ്ധപ്രവൃത്തികള്‍ സമൂഹത്തെ അറിയിക്കാന്‍ ഗതികേടുകൊണ്ട് താനും ഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്നും ഇതിന് കേരളസമൂഹത്തോട് മാപ്പുചോദിക്കുകയാണെന്നും പറഞ്ഞാണ് തുടങ്ങിയത്.

കൊന്നും കൊല്ലിച്ചുമുള്ള ആളുകളെയാണ് താന്‍ നേരിടുന്നതെന്നും ജീവനുഭീഷണിയുണ്ടെന്നും പറഞ്ഞ അന്‍വര്‍, എസ്. സുജിത്ദാസുമായുള്ള പുതിയ ഫോണ്‍സംഭാഷണവും പുറത്തുവിട്ടു. താന്‍ മലപ്പുറം എസ്.പി.യായിരിക്കേ, ക്യാമ്പ് ഓഫീസില്‍നിന്ന് മരംമുറിച്ചെന്ന പരാതിയിൽനിന്ന് പിന്മാറാന്‍ സുജിത്ദാസ് അന്‍വറിനോട് കെഞ്ചിപ്പറയുന്ന ഫോണ്‍സംഭാഷണം നേരത്തേ പുറത്തുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top