കെജ്രിവാളിന്‍റെ തീരുമാനം അംഗീകരിച്ച് എഎപി, രാജി നാളെ; പകരം സുനിത കെജ്രിവാൾ മുഖ്യമന്ത്രി ആകുമോ?

ദില്ലി: ദില്ലി മുഖ്യന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കെജ്രിവാളിന്‍റെ തീരുമാനത്തിന് അംഗീകാരം നൽകി പാർട്ടി.  കെജ്രിവാൾ നാളെ രാജിവക്കുമെന്ന് എ എ പി അറിയിച്ചു. പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി സൗരഭ് ഭരദ്വാജാണ് ഇക്കാര്യം അറിയിച്ചത്. സത്യസന്ധത തെളിയിക്കാനാണ് കെജ്രിവാൾ രാജിവയ്ക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. ലോകത്തിന്റെ എല്ലാം കോണിലും അരവിന്ദ് കെജ്രിവാളിന്റെ രാജിയെക്കുറിച്ചാണ് ചർച്ച. ആദ്യമായാണ് സത്യസന്ധതയുടെ പേരിൽ ഒരു തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. കെജ്രിവാൾ ഒറ്റക്ക് പോരാടി പുറത്ത് വന്നു. ദില്ലിയിലെ ജനങ്ങൾ പറയുന്നത് നാളെ തന്നെ വോട്ട് ചെയ്ത് അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രിയാക്കുമെന്നാണെന്നും സൗരഭ് ഭരദ്വാജ് അഭിപ്രായപ്പെട്ടു.

കെജ്രിവാളിന്റെ തീരുമാനത്തെ ദില്ലിയിലെ ജനങ്ങൾ പ്രശംസിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ പുതിയ മുഖ്യമന്ത്രി ആരെന്നത് അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുമെന്നും സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. ദില്ലി മുഖ്യമന്ത്രിയെ കേന്ദ്ര സർക്കാർ വേട്ടയാടുന്നതിൽ ജനങ്ങൾ രോഷത്തിലാണെന്നും ഇത് തെരഞ്ഞെടുപ്പിൽ കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു.

അതിനിടെ പകരമാരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ പാർട്ടിയിൽ വലിയ ചർച്ചകൾ തുടരുകയാണ്. മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ മുഖ്യമന്ത്രിയാക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എ എ പി. കെജ്രിവാളിന് പകരം ഭാര്യ സുനിത കെജ്രിവാൾ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യം പാർട്ടിയിൽ ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. കെജ്രിവാൾ ജയിലിലായിരുന്നപ്പോൾ ഇന്ത്യ സഖ്യത്തിന്‍റെ മഹാറാലിയിൽ സുനിത നടത്തിയ തീപ്പൊരി പ്രസംഗമടക്കം ഇവ‍ർ ചൂണ്ടികാട്ടിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കെജ്രിവാളിന്‍റെ നിലപാടാകും നിർണായകം.

അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് കെജ്രിവാളിന്റെ രാജി പ്രഖ്യാപനമെന്ന ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കുകയാണ് എ എ പി നേതൃത്വം. സത്യസന്ധത തെളിയിക്കാനാണ് കെജ്രിവാൾ രാജിപ്രഖ്യാപിച്ചതെന്നാണ് എ എ പി ഉയർത്തുന്ന വാദം. എ എ പി എം എൽ എയും മുതിർന്ന നേതാവുമായ സോംനാഥ് ഭാരതി ഇക്കാര്യം വിവരിച്ചിരുന്നു. രാജിവെക്കരുതെന്ന് എം എൽ എമാർ ആവശ്യപ്പെട്ടാൽ പോലും കെജ്രിവാൾ അത് അംഗീകരിക്കില്ലെന്നും കെജ്രിവാൾ എന്ന പ്രതിഭാസത്തെ ബി ജെ പിക്ക് മനസിലായിട്ടില്ലെന്നുമാണ് സോംനാഥ് ഭാരതി പറഞ്ഞത്. സത്യസന്ധനല്ലെന്ന ആരോപണം കെജ്രിവാളിന് സഹിക്കില്ലെന്നും കേവലഭൂരിപക്ഷം കിട്ടാതെ മോദിയെ പോലെ കടിച്ചുതൂങ്ങി കിടക്കുന്ന വ്യക്തിയല്ല കെജ്രിവാളെന്നും സോംനാഥ് ഭാരതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top