അമ്മു സജീവന്റെ മരണം; പ്രതികൾക്കെതിരെ SCST പീഡനനിരോധന നിയമം ചുമത്തിയേക്കും


പത്തനംതിട്ടയിൽ കൊല്ലപ്പെട്ട നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ പ്രതികൾക്കെതിരെ എസ് സി എസ് ടി പീഡനനിരോധന നിയമം ചുമത്തിയേക്കും. ഇതിനുള്ള സാധ്യത പൊലീസ് പരിശോധിക്കുകയാണ്.പിതാവിന്റെ മൊഴിയും മുൻപ് കോളജിൽ നൽകിയ പരാതിയും കണക്കിലെടുത്താണ് തീരുമാനം.

4 തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം പൊലീസ് ചുമത്തിയിരിക്കുന്നത്. സഹപാഠികൾ മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതി മുഖ്യ തെളിവായി. കോളജ് നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ടും, അമ്മുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളും പ്രതികൾക്കെതിരായി. ഇതോടെയാണ് പ്രതികളുടെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് അമ്മു ഹോസ്റ്റലിൽ നിന്ന് നേരിടുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് പിതാവ് സജീവ് കോളജ് പ്രിൻസിപ്പളിന് പരാതി നൽകുന്നത്. ആദ്യ പരാതിയിൽ കോളജ് ആഭ്യന്തര അന്വേഷണം നടത്തി. അറസ്റ്റിലായ അലീന ദിലീപ്, അക്ഷിത, അഞ്ജന എന്നിവർ ഇനിമേൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് കോളജിൽ രേഖാമൂലം എഴുതി നൽകി. അതിനുശേഷവും സഹപാഠികളായ പെൺകുട്ടികൾ മാനസിക പീഡനം തുടർന്നതോടെയാണ് രണ്ടാമതും കുടുംബം പരാതി നൽകിയത്. സഹപാഠികൾ നൽകിയ വിശദീകരണക്കുറിപ്പും പിതാവിന്റെ പരാതിയും പൊലീസ് മുഖ്യ തെളിവായി പരിഗണിച്ചു. ഇതിന് പുറമെ അമ്മുവിന്റെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിന് സമാനമായ കത്തും, ഡിജിറ്റൽ തെളിവുകളും, കോളജിന്റെ ആഭ്യന്തര അന്വേഷണം റിപ്പോർട്ടും പ്രതികൾക്ക് എതിരെയുള്ള കുടുംബത്തിന്റെ ആരോപണങ്ങൾക്ക് ബലം നൽകി. ഇതിനുപുറമേ പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കളുടെ മൊഴി കൂടി രേഖപ്പെടുത്തിയാണ് അറസ്റ്റ് എന്ന തീരുമാനത്തിൽ പൊലീസ് എത്തി ചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top