10 ലക്ഷത്തിനുള്ള ഗോള്‍ഡ് പ്ലേ ബട്ടണുമായി വീട്ടിലെത്തി;പിന്നാലെ ഒരു കോടിയും പിന്നിട്ട് ക്രിസ്റ്റ്യാനോ

യുട്യൂബില്‍ ചാനല്‍ തുടങ്ങി സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ലക്ഷത്തിലേക്കും കോടിയിലേക്കുമെത്തിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരാറുണ്ട്. എന്നാല്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കാന്‍ വെറും മണിക്കൂറുകള്‍ മാത്രമാണ് വേണ്ടിവന്നത്.

ചാനല്‍ തുടങ്ങി മണിക്കൂറിനുള്ളില്‍ യുട്യൂബിന്റെ 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനുള്ള ഗോള്‍ഡ് പ്ലേ ബട്ടണ്‍ ക്രിസ്റ്റ്യാനോ നേടിയിരുന്നു. ഇപ്പോഴിതാ ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സിനുള്ള ഡയമണ്ട് പ്ലേ ബട്ടണും
താരം സ്വന്തമാക്കിയിരിക്കുകയാണ്. നിലവില്‍ ഒരു കോടി 26 ലക്ഷം ആളുകളാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്.

ഗോള്‍ഡന്‍ ബട്ടണുമായി വീട്ടിലെത്തുന്ന വീഡിയോ താരം യുട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ ഗോള്‍ഡന്‍ കിഡ്‌സിനായി ഗോള്‍ഡന്‍ ബട്ടണ്‍ നേടിയിരിക്കുന്നു’ എന്നാണ് ക്രിസ്റ്റ്യാനോ കുറിച്ചത്. ഗോള്‍ഡ് പ്ലേ ബട്ടണ്‍ കാണുമ്പോള്‍ മക്കള്‍ അമ്പരപ്പോടെ തൊട്ടുനോക്കുന്നതും വീഡിയോയില്‍ കാണാം. നിങ്ങള്‍ക്ക് ആരാണ് ഇത് നല്‍കിയതെന്നും ക്രിസ്റ്റ്യാനോയോട് മക്കള്‍ ചോദിക്കുന്നുണ്ട്. ചാനല്‍ തുടങ്ങിയതിന് പിന്നാലെ പതിനൊന്നോളം വീഡിയോകളാണ് താരം പോസ്റ്റ് ചെയ്തത്.

‘ദ വെയ്റ്റ് ഈസ് ഓവര്‍, അവസാനമിതാ എന്റെ യുട്യൂബ് ചാനല്‍ ഇവിടെ! ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ, SIUUUscribe ചെയ്യൂ’- യുട്യൂബ് ചാനല്‍ തുടങ്ങിയ സന്തോഷവാര്‍ത്ത പങ്കുവെച്ച് ക്രിസ്റ്റ്യാനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്. യു.ആര്‍. എന്ന രണ്ടക്ഷരംവെച്ചാണ് താരം ചാനല്‍ തുടങ്ങിയത്. വ്യത്യസ്ത സാമൂഹിക മാധ്യമങ്ങളിലായി ലോകത്ത് ഏറ്റവും ഫോളോവേഴ്സുള്ള താരമാണ് ക്രിസ്റ്റിയാനോ. സാമൂഹിക മാധ്യമത്തിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി 917 മില്യണ്‍ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്. ഇപ്പോള്‍ യുട്യൂബില്‍ പത്ത് മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ആയതോടെ താരത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ ഉയരും.

നിലവില്‍ സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ് ക്രിസ്റ്റിയാനോ. സാമൂഹിക മാധ്യമത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സ്പോര്‍ട്സ് താരവും ക്രിസ്റ്റിയാനോ തന്നെയാണ്. യൂട്യൂബ് ചാനലില്‍, ഫുട്ബോള്‍ മാത്രമായിരിക്കില്ല, കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top