കാസര്‍കോട്: കോണ്‍ഗ്രസ് നേതാവായിരുന്ന ആദൂര്‍, പൊസോടിഗെയിലെ ടി. ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആദൂര്‍ കുണ്ടാര്‍ ടെമ്പിളിനു സമീപത്തെ ഓബി രാധാകൃഷ്ണന്‍ എന്ന വി. രാധാകൃഷ്ണനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് ശിക്ഷിച്ചത്. പിഴ കൊല്ലപ്പെട്ട കുണ്ടാര്‍ ബാലന്റെ കുടുംബത്തിന് നല്‍കണം. കേസിലെ മറ്റു പ്രതികളായിരുന്ന കട്ടത്തുബയലിലെ വിജയന്‍, കുണ്ടാറിലെ കെ. കുമാരന്‍, അത്തനാടി ഹൗസിലെ ദിലീപ് കുമാര്‍ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. 2008 മാര്‍ച്ച് 27ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന ബാലനെ കുണ്ടാര്‍ ബസ് സ്റ്റോപ്പിനു സമീപത്തു വച്ച് തടഞ്ഞു നിര്‍ത്തി കാറില്‍ നിന്നു വലിച്ചിറക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല നടന്ന് പതിനാറര വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. ആദൂര്‍ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. തുടര്‍ന്ന് ക്രൈം ഡിറ്റാച്ച്‌മെന്റ് കേസ് അന്വേഷിച്ചു. ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കേസ് അന്വേഷണം സിബിഐക്ക് വിട്ടുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കേസെടുക്കാന്‍ തയ്യാറായിരുന്നില്ല.
