‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’; കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. ഈ മാസം 29ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കണം, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക, ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം പി നിര്‍വഹിക്കും. ജില്ലകളില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍,ഡി.സി.സി, ബ്ലോക്ക്,മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കും.

‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 2ന് യുഡിഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതേ വിഷയത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തീരുമാനിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top