‘ഐ ആം സ്റ്റില്‍ ഹിയര്‍’ ഉദ്ഘാടന ചിത്രം; കേരള രാജ്യാന്തര ചലച്ചിത്ര മേള മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെ. (29th IFFK) 2024 ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ പത്രസമ്മേളനത്തിൻ അറിയിച്ചു.

ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്.
സാംസ്‌കാരിക വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, വി.കെ. പ്രശാന്ത് എം.എല്‍.എ., മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാര്‍, സാംസ്‌കാരിക വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ എന്‍. ഖോബ്രഗഡെ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം, ജൂറി ചെയര്‍പേഴ്‌സണ്‍ ആനിയസ് ഗൊദാര്‍ദ്, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തകക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍. ജേക്കബ്, അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഉദ്ഘാടനചിത്രമായ ‘ഐ ആം സ്റ്റില്‍ ഹിയര്‍’ പ്രദര്‍ശിപ്പിക്കും.

വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസ് സംവിധാനം ചെയ്ത പോര്‍ച്ചുഗീസ് ഭാഷയിലുള്ള ചിത്രം ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. ഈ വര്‍ഷത്തെ വെനീസ് ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശവും നേടിയ ചിത്രത്തെ 2024ലെ ഏറ്റവും മികച്ച അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളിലൊന്നായി ന്യൂയോര്‍ക്ക് ആസ്ഥാനമായ നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യുവും ഈ വര്‍ഷത്തെ മികച്ച 50 ചിത്രങ്ങളിലൊന്നായി ബ്രിട്ടീഷ് മാസിക സൈറ്റ് ആന്റ് സൗണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്.

1971ല്‍ ബ്രസീല്‍ സൈനിക സ്വേച്ഛാധിപത്യത്തിനു കീഴില്‍ ഞെരിഞ്ഞമരുന്ന കാലത്ത് നടന്ന സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. വിമത രാഷ്ട്രീയ പ്രവര്‍ത്തകനായ ഭര്‍ത്താവിനെ കാണാതായതിനെ തുടര്‍ന്ന് അദ്ദേഹത്തെ അന്വേഷിച്ചിറങ്ങുന്ന അഞ്ചു മക്കളുടെ അമ്മയായ യൂനിസ് പൈവയുടെ കാഴ്ചപ്പാടിലൂടെ ഒരു രാജ്യത്തിനേറ്റ മുറിവിന്റെ ആഴം കാട്ടിത്തരുകയാണ് സംവിധായകന്‍.

ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണി മുതല്‍ 5.45 വരെ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top