വാജ്‌പേയി അനുസ്മരണ ചടങ്ങിൽ ‘രഘുപതി രാഘവ രാജാറാം’ പാടിയ ഗായികയെ കൊണ്ട് മാപ്പ് പറയിച്ചു. പട്‌നയിൽ നടന്ന പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഗായികയായ ദേവിക്കെതിരെയായിരുന്നു ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. “രഘുപതി രാഘവ് രാജാ റാം” പാടാൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധം ആരംഭിച്ചത്. ‘ഈശ്വർ അള്ളാ തേരേനാം’ എന്ന് പാടിയതിനെ തുടർന്നായിരുന്നു പ്രതിഷേധം.
‘ഈശ്വർ അള്ളാ തേരേനാം എന്നതിന് പകരം രം “ശ്രീ രഘുനന്ദൻ ജയ് സിയ റാം, ജാനകി വല്ലഭ് സീതാ റാം” എന്ന് മാറ്റി പാടിയെങ്കിലും പ്രതിഷേധം തുടർന്നു. സ്ഥിതിഗതികൾ വഷളായതോടെ ഗായിക ദേവി വേദിയിൽ നിന്ന് ക്ഷമാപണം നടത്തേണ്ടി വന്നു. പട്‌നയിലെ ബാപ്പു സഭാഗർ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം നടന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ മുൻ കേന്ദ്രമന്ത്രി അശ്വിനി ചൗബെ രംഗത്തെത്തി.
തുടർന്ന് സദസ്സിൽ നിന്ന് മുദ്രാവാക്യങ്ങൾ ഉയർന്നതോടെ ദേവി മാപ്പ് പറയാൻ നിർബന്ധിതയാുകയായിരുന്നു. “ഞാൻ ഈ ഗാനം ആലപിച്ചത് ശ്രീരാമനുവേണ്ടിയാണ്. നമ്മുടെ ഇന്ത്യൻ സംസ്‌കാരം വിശാലഹൃദയമാണെന്ന് നിങ്ങൾക്കറിയാം. നിങ്ങളെ വേദനിപ്പിച്ചെങ്കിൽ, എനിക്ക് ക്ഷമിക്കണം,” ദേവി പറഞ്ഞു. മാപ്പപേക്ഷയെ തുടർന്ന് വേദിയിൽ “ജയ് ശ്രീറാം” വിളികൾ ഉയർന്നു.
“ഹിന്ദുത്വം എല്ലാവരേയും അംഗീകരിക്കുന്ന മതമാണ്, ഹിന്ദുവും മുസ്ലീങ്ങളും സിഖുകാരും ക്രിസ്ത്യാനികളും സഹോദരങ്ങളാണ്, നമ്മൾ മനുഷ്യത്വം സ്വീകരിക്കണം, മനുഷ്യത്വമാണ് ഏറ്റവും വലിയ മതം എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ ഇവിടെ പലർക്കും ഈ വാക്ക് ഇഷ്ടപ്പെട്ടില്ല. അള്ളാഹു, ഈശ്വർ, അള്ളാ എന്നത് ദൈവത്തിൻ്റെ വ്യത്യസ്ത നാമങ്ങളാണ്” ഗായിക മാധ്യമങ്ങളോട് പറഞ്ഞു.
‘മെയിൻ അടൽ രഹുംഗ’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി, വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സംഭാവനകൾ അനുസ്മരിക്കുന്നതിനാണ് സംഘടിപ്പിച്ചത്. മുൻ കേന്ദ്രമന്ത്രി അശ്വിനി ചൗബെയെ കൂടാതെ, ഡോ സി പി താക്കൂർ, സഞ്ജയ് പാസ്വാൻ, ഷാനവാസ് ഹുസൈൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. സംഭവത്തിൽ ബിജെപിയെ വിമർശിച്ച് ആർജെഡിയും കോൺഗ്രസും രംഗത്തെത്തി. “ബിജെപിയും അവരുടെ അനുഭാവികളും എല്ലായ്‌പ്പോഴും സ്ത്രീ വിരുദ്ധരാണ്. ‘ജയ് ശ്രീറാം’ മുദ്രാവാക്യം ഉപയോഗിച്ച് അവർ ജനസംഖ്യയുടെ പകുതിയേയും അപമാനിക്കുന്നു ” ആർജെഡി മേധാവി ട്വീറ്റ് ചെയ്തു.