ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കായി ഉപയോഗപ്പെടുത്തിയ വാട്‌സാപ്പ് അക്കൗണ്ടുകളും സ്‌കൈപ്പ് ഐ.ഡി.കളും ബ്ലോക്ക് ചെയ്തതായി ലോക്‌സഭയില്‍ അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 59,000 വാട്‌സാപ്പ് അക്കൗണ്ടുകളും 1,700 സ്‌കൈപ്പ് ഐ.ഡി.കളുമാണ് ബ്ലോക്ക് ചെയ്തത്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററാണ് (I4C) നടപടി സ്വീകരിച്ചത്.
2021-ല്‍ I4C-യുടെ കീഴില്‍ ആരംഭിച്ച ‘സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിപ്പോര്‍ട്ടിങ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം’വഴി സൈബര്‍ തട്ടിപ്പുകള്‍ പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യാനും നിരവധി ശ്രമങ്ങള്‍ തടയാനും സഹായകമായതായി കേന്ദ്ര മന്ത്രി ബണ്ഡി സഞ്ജയ് കുമാര്‍ പറഞ്ഞു. ഇതുവരെ 9.94 ലക്ഷം പരാതികളില്‍ 3,431 കോടി രൂപ ലാഭിച്ചു.
ഇക്കഴിഞ്ഞ നവംബര്‍ 15 വരെ 6.69 ലക്ഷത്തിലധികം സിം കാര്‍ഡുകളും 1.32 ലക്ഷത്തോളം ഐ.എം.ഇ.ഐ.കളും സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. ഡിജിറ്റല്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കേന്ദ്രവും ടെലികോം സേവന ദാതാക്കളും സ്പാം കോളുകളെ കണ്ടെത്തി പ്രതിരോധിക്കുന്ന സംവിധാനം വികസിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പാര്‍ലമെന്റില്‍ വിശദീകരിച്ചു. വ്യാജ ഡിജിറ്റല്‍ തടങ്കലുകള്‍, പോലീസ് ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തിയുള്ള തട്ടിപ്പുകള്‍ എന്നിവയ്ക്കായി ഇത്തരത്തില്‍ വ്യാജ കോളുകള്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.