വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനൽകി.

കേരളത്തിന്റെ കൈയിൽ ആവശ്യത്തിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉണ്ടെന്നാണ് കേന്ദ്രം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് രണ്ടിന്, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തുനൽകിയിരുന്നു. കെ.വി.തോമസ് ആയിരുന്നു ഈ കത്ത് കൈമാറിയത്.

ഈ കത്തിനുള്ള മറുപടിയിലാണ് കാര്യങ്ങൾ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ദുരന്തമുണ്ടാകുന്ന സമയത്ത് ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ്. ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ നൽകേണ്ടത് ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുള്ള ഫണ്ടിൽനിന്നാണെന്നാണ് കത്തിൽ പറയുന്നത്.

‘2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഇതിനോടകം കേന്ദ്രം കേരളത്തിന് കൈമാറിയിട്ടുണ്ട്. രണ്ടു തവണയായി 388 കോടി രൂപ നൽകി. ഇതിൽ 291 കോടി രൂപ നേരത്തേ തന്നെ നൽകി. ജൂലായ് 31-ന് 145 കോടി രൂപയും ഒക്ടോബർ ഒന്നിന് ബാക്കി തുകയും മുൻകൂറായി തന്നെ കൈമാറി.’

കേരളത്തിന്റെ അക്കൗണ്ടന്റ് ജനറൽ സംസ്ഥാനത്തിന്റെ കൈയിൽ ദുരന്തനിവാരണ ഫണ്ടിന്റെ നീക്കിയിരിപ്പായി 394.99 കോടി രൂപ ഉണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതിനാൽ ആവശ്യത്തിന് ഫണ്ട് കേരളത്തിന്റെ പക്കൽ ഉണ്ട് എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top