കൊച്ചി : നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ, ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി. ഇന്നലെ കോടതി ജാമ്യം അനുവദിച്ചിട്ടും താൻ പുറത്തിറങ്ങാതിരുന്നത് സഹതടവുകാരെ സഹായിക്കാനാണെന്നാണ് പുറത്തിറങ്ങിയ ശേഷം ബോബിയുടെ പ്രതികരണം. ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന തടവുകാരെ കേൾക്കാനാണ് ഒരു ദിവസം കൂടി നിന്നതെന്നാണ് പുറത്തിറങ്ങിയ ബോബി പ്രതികരിച്ചത്.
നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടരുന്നതിൽ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളിൽ ബോബി പുറത്തിറങ്ങാൻ തയ്യാറായത്. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാനും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ബോബിയുടെ അഭിഭാഷകർ ജയിലിലെത്തി രേഖകൾ ഹാജരാക്കി ബോബിയെ പുറത്തിറക്കിയത്.