സംസ്ഥാന ബിജെപിയിൽ ആഭ്യന്തര കലഹം തുടരുന്ന സാഹചര്യത്തിൽ പിടിമുറുക്കാനൊരുങ്ങി കേന്ദ്ര നേതൃത്വം. കേന്ദ്രം പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുമെന്നാണ് സൂചന. പുതുതായി ചുമതലയേൽക്കുന്ന ദേശീയ നേതൃത്വമായിരിക്കും സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുക. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പ്രവർത്തനങ്ങൾ തടയുക ലക്ഷ്യമിട്ടാണ് നടപടി. അതേസമയം ബിജെപിക്കുള്ളിൽ കോൺഗ്രസ് സെൽ പ്രവർത്തിക്കുന്നതായാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ.
ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തുടങ്ങിയതാണ് ബിജെപിയിലെ കലഹം. പാലക്കാട്ടെ തോൽവിക്ക് പിന്നാലെ കെ. സുരേന്ദ്രനെതിരെ നിരവധി പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തിൽ വൈകാതെ മാറ്റം വരുമെങ്കിലും നിലവിൽ അധ്യക്ഷസ്ഥാനത്ത് കെ. സുരേന്ദ്രൻ തന്നെ തുടരും. ഈ അവസ്ഥയിൽ അധ്യക്ഷനെ മാറ്റേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം. ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ നേതൃത്വത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.
സംഘടനാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്. ബൂത്ത് – മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ് ഡിസംബറിൽ പൂർത്തിയാകും. പുതിയ സംസ്ഥാന അധ്യക്ഷൻ ചുമതലയേറ്റ ശേഷമായിരിക്കും ജില്ലാ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുക .
അതേസമയം സംസ്ഥാന ബിജെപിക്കുള്ളിൽ കോൺഗ്രസ് സെൽ പ്രവർത്തിക്കുന്നതായാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. കോൺഗ്രസിൻ്റെ സ്ലീപർ സെല്ലാണ് സന്ദീപ് വാര്യരെ കോൺഗ്രസിൽ എത്തിച്ചതെന്നും വാദമുണ്ട്. കൂടുതൽ നേതാക്കളെ കോൺഗ്രസിലേക്ക് കൊണ്ടുപോകാൻ നീക്കം നടക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ളവർക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി.
സന്ദീപ് വാര്യർക്ക് പിന്നാലെ വയനാട് മുൻ ജില്ലാ അധ്യക്ഷൻ കെ.പി. മധു കോൺഗ്രസിലെത്തിയതോടെയാണ് നേതാക്കൾ ഇത്തരത്തിലൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. കഴിഞ്ഞ ദിവസം പാലക്കാട് നഗരസഭയിലെ ഒൻപത് ബിജെപി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ സന്ദീപ് വാര്യർ ബന്ധപ്പെട്ടതായി വിവരം ലഭിച്ചതോടെ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചിരുന്നു.
എന്നാൽ ഇടഞ്ഞ് നിൽക്കുന്ന ബിജെപി കൗൺസിലർമാരെ സമ്മർദം ചെലുത്തി കൊണ്ടു വരില്ലെന്നാണ് പാലക്കാട്ടെ നിയുക്ത എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പക്ഷം. ഓപ്പറേഷൻ കമല മോഡലിനില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. സന്ദീപ് വാര്യരുടെ വരവ് ഒരു മാറ്റത്തിന്റെ തുടക്കമാണ്. സന്ദീപ് വന്നതിന്‍റെ പേരിൽ എത്ര വോട്ട് കിട്ടിയെന്നതല്ല ചർച്ചയാകേണ്ടതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.