‘സാധാരണക്കാരുടെ കൂട്ടത്തില്‍ മത പുരോഹിതന്മാരെ കൂട്ടുന്നില്ല. അവര്‍ ഉപരിയായ സമീപനം സ്വീകരിക്കുമെന്നാണ് പഠിച്ചിട്ടുള്ളത്’
തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച താമരശ്ശേരി രൂപത ബിഷപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനം മന്ത്രി എ കെ ശശീന്ദ്രന്‍. ബിഷപ്പുമാരോട് തനിക്ക് ബഹുമാനമുണ്ട്. എല്ലാവരെയും ആശ്വസിപ്പിക്കുന്നവരാണ് ബിഷപ്പുമാര്‍. എന്നാല്‍ ചില ഘട്ടങ്ങളിലൊക്കെ അവര്‍ അങ്ങനെയല്ലേ എന്ന് തോന്നിപോകുന്നുവെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പേര് പരാമര്‍ശിക്കാതെയാണ് എ കെ ശശീന്ദ്രന്‍ ബിഷപ്പിനെതിരെ രംഗത്തെത്തിയത്.
‘ബിഷപ്പുമാരോട് എനിക്ക് വളരെ ബഹുമാനം ആണ്. ഏറ്റവും സൗമ്യമായ ഭാഷയില്‍ സംസാരിക്കുന്നവരാണ് ബിഷപ്പുമാര്‍. ആശ്വസിപ്പിക്കുന്നവരാണ്. ഇതിന് വേണ്ടി പ്രത്യേകം പരിശീലനം ലഭിച്ച സിദ്ധിയുള്ള ആളുകളാണ് എന്നൊക്കെയാണ് ഞാന്‍ പഠിച്ചുവെച്ചത്. ചില ഘട്ടങ്ങളിലൊക്കെ അങ്ങനെയല്ലേയെന്ന് തോന്നിപ്പോകുന്നുണ്ട്. അങ്ങനെ തോന്നിപ്പോകുന്നതിൽ അവര്‍ക്കാണ് ദോഷം. നല്ല വാക്കുകള്‍ പറയുന്നതല്ലേ നല്ലത്. ഒരു മന്ത്രിയെ വിലയിരുത്താന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ അഭിപ്രായപ്രകടനം നടത്തും. സാധാരണക്കാരുടെ കൂട്ടത്തില്‍ മത പുരോഹിതന്മാരെ കൂട്ടുന്നില്ല. അവര്‍ ഉപരിയായ സമീപനം സ്വീകരിക്കുമെന്നാണ് പഠിച്ചിട്ടുള്ളത്. അത് തെറ്റിപ്പോകരുതേയെന്നാണ് എന്റെ പ്രാര്‍ത്ഥന’, എന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് തുടര്‍ച്ചയായി വന്യജീവി ആക്രമണത്തില്‍ കര്‍ഷകര്‍ മരിക്കുമ്പോള്‍ സര്‍ക്കാരും വനപാലകരും നോക്കുകുത്തികളാവുന്നുവെന്നും വനം മന്ത്രി രാജിവെക്കണം എന്നുമാണ് താമരശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടത്. കോട്ടയത്ത് നടക്കുന്ന ഇന്‍ഫാം അസംബ്ലിയില്‍ പ്രസംഗിക്കവെയായിരുന്നു താമരശ്ശേരി ബിഷപ്പിന്റെ വിമര്‍ശനം. ‘ഇവിടെ ഒരു ഭരണം ഉണ്ടോയെന്ന് സംശയിക്കുന്നു. ജീവിക്കാനുള്ള കര്‍ഷകന്റെ അവകാശങ്ങള്‍ തമസ്‌കരിക്കുന്നു. കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. കര്‍ഷക മരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വനം മന്ത്രി രാജിവെക്കണം എന്നായിരുന്നു താമരശ്ശേരി ബിഷപ്പിന്റെ പ്രസംഗം.