ബേക്കറി ഉടമയെ തട്ടിക്കൊണ്ടു പോയ കേസ്; മുഖ്യപ്രതി മുരുകന്‍ അറസ്റ്റില്‍, രണ്ട് കാസര്‍കോട് സ്വദേശികളെ തിരയുന്നു

കണ്ണൂര്‍: ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒമ്പത് ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഇരിക്കൂര്‍, പെടയങ്ങോട് സ്വദേശിയും പാനൂര്‍ പുത്തന്‍കണ്ടത്ത് താമസക്കാരനുമായ പുതിയപുരയില്‍ ഷിനോജ് എന്ന മുരുകന്‍ ഷിനോജിനെ (39)യാണ് കണ്ണൂര്‍ എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സെപ്തംബര്‍ അഞ്ചിന് പുലര്‍ച്ചെ ഏച്ചൂര്‍, കമാല്‍പീടികയിലെ പി.പി. മുഹമ്മദ് റഫീഖിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്. ബംഗ്‌ളൂരുവില്‍ ബേക്കറി നടത്തിപ്പുകാരനായ റഫീഖ് ബംഗ്‌ളൂരുവില്‍ നിന്ന് നാട്ടിലെത്തി ബസിറങ്ങിയ ഉടന്‍ ഏച്ചൂരില്‍ നിന്നാണ് കാറില്‍ വലിച്ചുകയറ്റിക്കൊണ്ടുപോയത്. മര്‍ദിച്ചശേഷം പണമടങ്ങിയ ബാഗ് കൈക്കലാക്കി വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. നാലംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. മുഖംമൂടി ധരിച്ച സംഘം കാറില്‍ വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചാണ് എത്തിയത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ കാറിനെ കുറിച്ചുള്ള സൂചന ലഭിച്ചതാണ് പ്രതികളിലേക്ക് എത്താന്‍ ഇടയായത്. കൊള്ള നടത്തിയശേഷം മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് കാറില്‍ യഥാര്‍ത്ഥ നമ്പര്‍പ്ലേറ്റ് തന്നെ സ്ഥാപിച്ചത് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ കണ്ടെത്തുകയായിരുന്നു. കാര്‍ ഉടമ കല്യാട് സ്വദേശിയായ സുജോയ് ആണെന്ന് മനസിലാക്കുകയും അയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സുജോയ് കാര്‍ വാടകയ്ക്ക് നല്‍കിയത് ഷിനോജിനാണെന്ന് മൊഴിയുണ്ടായിരുന്നു. കൊള്ളയടി ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ഷിനോജ് നേരിട്ടാണെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് സ്വദേശികളായ രണ്ടുപേരും കണ്ണൂരിലെ ഒരാളുമാണ് അന്ന് കാറില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നതെന്നു പറയുന്നു. ഇവര്‍ ഒളിവിലാണ്.
ബംഗ്‌ളൂരുവില്‍ നിന്ന് പണവുമായി റഫീഖ് പുറപ്പെട്ട വിവരം കാസര്‍കോട് സ്വദേശിയാണ് ഷിനോജിനെ അറിയിച്ചത്. പണം തട്ടാന്‍ കാസര്‍കോടുനിന്ന് ഷിനോജ് രണ്ടുപേരെയും കൂടെക്കൂട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതേ കേസില്‍ നേരത്തെ രണ്ട് കാസര്‍ക്കോട് സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ വ്യാജമായി കുറ്റസമ്മതം നടത്തി സ്റ്റേഷനില്‍ ഹാജരായതാണെന്ന് പിന്നീടാണ് മനസിലായത്.
കുഴല്‍പണം പൊട്ടിക്കല്‍, ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ഷിനോജിനെതിരേ കല്‍പ്പറ്റയിലും സമാനമായ കൊള്ളയ്ക്ക് കേസുണ്ട്. എസ്.ഐമാരായ എം. അജയന്‍, ഷാജി, എ.എസ്.ഐമാരായ രഞ്ജിത്ത്, സ്നേഹേഷ്, സി.പി.ഒ നാസര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top