മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി അജിത് പവാർ പക്ഷ നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതക പശ്ചാത്തലത്തില്‍ ബോളിവുഡ്താരം സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ബാന്ദ്രയിലെ അദ്ദേഹത്തിന്റെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ സുഹൃത്തുക്കളോട് ഇപ്പോള്‍ സന്ദര്‍ശനമരുതെന്നും കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്.
അടുത്ത സുഹൃത്തായ ബാബ സിദ്ദിഖിയുടെ മരണം സല്‍മാന്‍ ഖാനെ തകര്‍ത്തിരിക്കുകയാണ്. ബാബ സിദ്ദിഖിയുടെ മകന്‍ സീഷാന്റെ സുരക്ഷ ഉറപ്പിച്ച് രാത്രി ഉറങ്ങാതെ ഇരിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സല്‍മാന്റെ മീറ്റിങ്ങുകളും മറ്റ് പരിപാടികളും കുറച്ചു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
കൊല്ലപ്പെട്ട ബാബ സിദ്ദിഖി സല്‍മാന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. സല്‍മാന്റെ സഹോദരങ്ങളായ അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇഫ്ത്താര്‍ വിരുന്നുങ്ങളിലും മറ്റ് കുടുംബപരിപാടികളിലും ഇരു കുടുംബങ്ങളും ഒന്നിച്ചെത്തിയിരുന്നു.