പ്രതിരോധം പൊളിഞ്ഞു, മെല്‍ബണില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് ഇന്ത്യ! ഓസീസിന് 184 റണ്‍സ് ജയം

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ 184 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 340 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 155ന് എല്ലാവരും പുറത്താവുകയായിരുന്നു. 84 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. നതാന്‍ ലിയോണിന് രണ്ട് വിക്കറ്റുണ്ട്. സ്‌കോര്‍: ഓസ്‌ട്രേലിയ 474 & 234, ഇന്ത്യ 369 & 155. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീന് 2-1ന് മുന്നിലെത്തി. ഇനി സിഡ്‌നിയിലെ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. 

മെല്‍ബണില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 33 റണ്‍സിനെ മുന്‍ താരങ്ങളെ ഇന്ത്യക്ക് നഷ്ടമായി. രോഹിത് ശര്‍മ (9), കെ എല്‍ രാഹുല്‍ (0), വിരാട് കോലി (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്ടമായത്. രോഹിത്താണ് ആദ്യം മടങ്ങിയത്. 40-ാം പന്തിലാണ് രോഹിത് പുറത്താവുന്നത്. ഒമ്പത് റണ്‍സെടുത്ത താരത്തെ ഓസീസ് ക്യാപ്റ്റന്‍ തേര്‍ഡ് സ്ലിപ്പില്‍ മിച്ചല്‍ മാര്‍ഷിന്റെ കൈകളിലെത്തിച്ചു. അതേ ഓവറിലെ അവസാന പന്തില്‍ കെ എല്‍ രാഹുലും (0) മടങ്ങി. റണ്‍സെടുക്കും മുമ്പ് രാഹുലിനെ കമ്മിന്‍സ് ഫസ്റ്റ് സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജയുടെ കൈകളിലെത്തിച്ചു. കോലിക്ക് അഞ്ച് റണ്‍സെടുക്കാനാണ് സാധിച്ചത്. 29 പന്തുകള്‍ നേരിട്ട താരത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് ഫസ്റ്റ് സ്ലിപ്പില്‍ ഖവാജയുടെ കൈകളിലേക്കയച്ചു. 

രണ്ടാം സെഷനില്‍ വിക്കറ്റൊന്നും ഇന്ത്യക്ക് നഷ്ടമായിരുന്നില്ല. പന്ത്-ജയ്‌സ്വാള്‍ സഖ്യം 88 റണ്‍സ് ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ചായയ്ക്ക് ശേഷം ഇന്ത്യ കൂട്ടതകര്‍ച്ച നേരിട്ടു. പന്തിന്റെ (30) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമാകുന്നത്. അതുവരെ നന്നായി കളിച്ചുന്ന പന്ത് ഹെഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പുറത്തായി. ക്രീസ് വിട്ടിറങ്ങി കളിച്ച പന്ത്. മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കി. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയ്ക്ക് 14 പന്ത് മാത്രമായിരുന്നു ആയുസ്. ബോളണ്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച്. ആദ്യ പന്തിലെ സെഞ്ചുറിക്കാരന്‍ നിതീഷ് റെഡ്ഡി ഒരു റണ്ണുമായി മടങ്ങി. ലിയോണിന്റെ പന്തില്‍ സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്തിന് ക്യാച്ച് നല്‍കുകയായിരുന്നു. ജയ്‌സ്വാള്‍ കമ്മിന്‍സിന്റെ പന്തില്‍ ക്യാരിക്ക് ക്യാച്ച് നല്‍കി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. ആകാശ് ദീപ് (7), ജസ്പ്രിത് ബുമ്ര (0), മുഹമ്മദ് സിറാജ് (0) എന്നിവര്‍ പിടിച്ചുനില്‍ക്കാന്‍ പോലുമായില്ല. വാഷിംഗ്ടണ്‍ സുന്ദര്‍ (5) പുറത്താവാതെ നിന്നു. 34 റണ്‍സിനിടെയാണ് ഇന്ത്യക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമാകുന്നത്.

ഒന്നാം ഇന്നിംഗ്‌സില്‍ 105 റണ്‍സ് ലീഡാണ് ഓസീസിന് ഉണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ രണ്ടിന് 43 നിലയിലായിരുന്നു ഓസീസ്. സാം കോണ്‍സ്റ്റാസ് (8), ഉസ്മാന്‍ ഖവാജ (21) എന്നിവരുടെ വിക്കറ്റുകള്‍ നേരത്തെ നഷ്ടമായിരുന്നു. തുടര്‍ന്ന് സ്മിത്ത് – ലബുഷെയന്‍ സഖ്യം 37 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് സിറാജാണ് ഓസീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 11 റണ്‍സിനിടെ നാല് വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ആദ്യം സ്മിത്തിനെ (13) മുഹമ്മദ് സിറാജ് റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ടൊട്ടടുത്ത ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ബുമ്ര നേടി. ട്രാവിസ് ഹെഡിനെ (1), മിച്ചല്‍ മാര്‍ഷ് (0) എന്നിവരെയാണ് ബുമ്ര തിരിച്ചയച്ചത്. പിന്നാലെ മറ്റൊരു ഓവറുമായെത്തിയ ബുമ്ര, അലക്‌സ് ക്യാരിയേയും (2) ബൗള്‍ഡാക്കി. ഇതോടെ ആറിന് 91 എന്ന നിലയിലായി ഓസീസ്. 

Leave a Reply

Your email address will not be published. Required fields are marked *

Back To Top