ആപ്പിളിന്റെ പുതിയ ഐഫോണ്‍ 16 സീരീസിന് കമ്പനി പ്രതീക്ഷിച്ചത്ര ആവശ്യക്കാരില്ലെന്ന് ആപ്പിള്‍ അനലിസ്റ്റായ മിങ്-ചി കുവോ. ഐഫോണ്‍ 16 സീരീസിന് വേണ്ടിയുള്ള ആദ്യ ആഴ്ചയിലെ പ്രീ ഓര്‍ഡര്‍ വില്‍പന ഐഫോണ്‍ 15 സീരീസിനേക്കാള്‍ 12.7 ശതമാനം കുറവാണെന്ന് മീഡിയം എന്ന വെബ്‌സൈറ്റില്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ മിങ് ചി കുവോ പറയുന്നു. ഐഫോണ്‍ 16 പ്രോ മോഡലുകളിലാണ് ഈ ഇടിവ് പ്രകടമായുള്ളത്.
ആദ്യ ആഴ്ചയില്‍ ഐഫോണ്‍ പ്രോ മാക്‌സിന് 1.71 കോടി മുന്‍കൂര്‍ ഓര്‍ഡറുകളാണ് ലഭിച്ചത്. ഇത് ഐഫോണ്‍ 15 പ്രോ മാക്‌സിനേക്കാള്‍ 16 ശതമാനം കുറവാണ്. സമാനമായി ഐഫോണ്‍ 16 പ്രോയ്ക്ക് 98 ലക്ഷം ഓര്‍ഡറുകള്‍ ലഭിച്ചു. ഇത് മുന്‍ഗാമിയേക്കാള്‍ 27 ശതമാനം കുറവാണ്.
ഇങ്ങനെയാണെങ്കിലും ഐഫോണ്‍ 16 ബേസ് മോഡലുകള്‍ക്ക് ആവശ്യക്കാരുണ്ട്. ഐഫോണ്‍ 16 73 ലക്ഷം പേരും, ഐഫോണ്‍ 16 പ്ലസ് 26 ലക്ഷം പേരും ഓര്‍ഡര്‍ ചെയ്തു. ഇത് യഥാക്രമത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളേക്കാള്‍ 10 ശതമാനവും 48 ശതമാനവും കൂടുതലാണ്.
ഐഫോണ്‍ 16 ബേസ് മോഡലുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചിട്ടും ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ പ്രതീക്ഷിച്ചതിലും കുറഞ്ഞ പ്രകടനം കാരണം ഐഫോണ്‍ 16 സീരീസിന്റെ മൊത്തത്തിലുള്ള ഡിമാന്റില്‍ മാന്ദ്യം നേരിടുന്നുണ്ട്.
ഐഫോണ്‍ 16 സീരീസ് അവതരിപ്പിച്ചതിന് പിന്നാലെ, ഐഫോണ്‍ 15 പ്രോ മോഡലുകളുടെ വില്‍പന കമ്പനി അവസാനിപ്പിച്ചിരുന്നു. ഐഫോണ്‍ 15 പ്രോ മോഡലുകള്‍ മുതലാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ലഭിക്കുക. അവ പിന്‍വലിക്കപ്പെട്ടതോടെ, വിപണിയില്‍ നിന്ന് വാങ്ങാനാവുന്ന ആപ്പിള്‍ ഇന്റലിജന്‍സോടു കൂടിയ ഫോണുകള്‍ ഐഫോണ്‍ 16 സീരീസ് ആണ്.
ആപ്പിള്‍ ഇന്റലിജന്‍സിന്റെ വരവ് ഐഫോണ്‍ 16 സീരീസ് ഫോണുകളുടെ ഡിമാന്റ് വര്‍ധിപ്പിക്കുമെന്നാണ് കരുതിയിരുന്നത്. നിലവില്‍ ആപ്പിള്‍ ഇന്റലിജന്‍സ് യുഎസിലെ ബീറ്റാ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. മാത്രവുമല്ല ഇംഗ്ലീഷ് ഭാഷയില്‍ മാത്രമേ ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കൂ. അടുത്തമാസമേ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഫോണുകളില്‍ എത്തുകയുള്ളൂ.
ആപ്പിള്‍ ഇന്റലിജന്‍സിന്റെ അഭാവം ആയിരിക്കാം ആരംഭ ഘട്ടത്തില്‍ ഐഫോണ്‍ 16 സീരീസിന് തിരിച്ചടിയായത്. ബീറ്റാ പതിപ്പ് ഉപയോഗിക്കാനായി ഐഫോണ്‍ 16 സീരീസിലേക്ക് മാറാനും ഉപഭോക്താക്കള്‍ മടിക്കുന്നുണ്ടാവാം.
അതേസമയം, ചൈനയില്‍ ആപ്പിളിനെതിരെ ശക്തമായ മത്സരമാണ് പ്രാദേശിക ബ്രാന്റുകള്‍ നടത്തുന്നത്. വാവേയുടെ ട്രൈഫോള്‍ഡ് സ്മാര്‍ട്‌ഫോണിന് ഐഫോണ്‍ 16 നെ വെല്ലുവിളിക്കുന്ന സ്വീകാര്യതയാണ് ചൈനയില്‍ ലഭിക്കുന്നത്. സ്മാര്‍ട്‌ഫോണ്‍ വിപണി ഇത്രയേറെ മുന്നേറിയിട്ടും. ഐഫോണുകള്‍ ആധുനിക ഫീച്ചറുകളുടെ കാര്യത്തില്‍ വര്‍ഷങ്ങള്‍ പിന്നിലാണ് സഞ്ചരിക്കുന്നതെന്ന വിമര്‍ശനവും നേരിടുന്നുണ്ട്.