കുട്ടികളോടുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഐക്ലൗഡില്‍; ആപ്പിളിനെതിരെ 120 കോടിയുടെ നഷ്ടപരിഹാരക്കേസ് 

കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് മതിയായ സംരക്ഷണം ഒരുക്കാത്തതിന്റെ പേരില്‍ ആപ്പിളിനെതിരെ 120 കോടി ഡോളറിന്റെ നഷ്ടപരിഹാരക്കേസ്. ശനിയാഴ്ച ഒരു 27 കാരിയാണ് ആപ്പിളിനെതിരെ നോര്‍ത്ത് കാലിഫോര്‍ണിയയിലെ യുഎസ് ജില്ലാ കോടതിയില്‍ പരാതി നല്‍കിയത്. ആപ്പിളിന്റെ നിരുത്തരവാദപരമായ നിലപാടിനെ തുടര്‍ന്ന് കുട്ടിക്കാലത്ത് തനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിന് വഴിവെച്ചുവെന്ന് യുവതിയുടെ ആരോപിക്കുന്നു.

വളരെ കുഞ്ഞായിരുന്ന കാലത്ത് തന്നെ ഇവരെ ഒരു ബന്ധു ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അയാള്‍ പകര്‍ത്തുകയും പങ്കുവെക്കുകയും ചെയ്തു. അതി ക്രൂരമായ ഈ പീഡനങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടി പിന്നീട് നിയമനടപടി സ്വീകരിക്കുകയായിരുന്നു.

ഈ ചിത്രങ്ങള്‍ മറ്റൊരാള്‍ കൈവശം വെക്കുന്നുണ്ടെന്നറിയിച്ച് അന്വേഷണ ഏജന്‍സികളില്‍ നിന്ന് നിരന്തരമെന്നോണം യുവതിക്ക് അറിയിപ്പുകള്‍ ലഭിച്ചുവന്നിരുന്നു. അങ്ങനെയാണ് 2021 ല്‍ വെര്‍മണ്ടിലുള്ള ഒരാളുടെ മാക്ക് ബുക്കില്‍ ഈ ചിത്രങ്ങള്‍ ഉണ്ടെന്നും ഈ ചിത്രങ്ങള്‍ ആപ്പിളിന്റെ ഐക്ലൗഡിലും സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയത്. കുട്ടികളോടുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍ കണ്ടെത്താനുള്ള ഒരു ഫീച്ചര്‍ ആപ്പിള്‍ അവതരിപ്പിച്ച് ഒരുമാസത്തിന് ശേഷമാണ് ഈ അറിയിപ്പ് ലഭിച്ചത്. എന്നാല്‍ സൈബര്‍ സുരക്ഷാ വിദഗ്ദരുടെ വിമര്‍ശനങ്ങളെ തുടര്‍ന്ന് അപ്പോഴേക്കും ആ ഫീച്ചര്‍ ആപ്പിള്‍ ഉപേക്ഷിച്ചിരുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ നിരീക്ഷണം നടത്തുമെന്നായിരുന്നു വിമര്‍ശകരുടെ വാദം.

എന്നാല്‍ നേരെ തിരിച്ചുള്ള ആരോപണമാണ് യുവതി ആപ്പിളിനെ ഉയര്‍ത്തിയത്. തന്നെ പോലുള്ള ഇരകള്‍ക്ക് നല്‍കിയ വാഗ്ദാനം ആപ്പിള്‍ ലംഘിച്ചുവെന്ന് യുവതി തന്റെ പരാതിയില്‍ ആരോപിക്കുന്നു. ടൂള്‍ ഉപയോഗിച്ച് തനിക്കെതിരെ ഉണ്ടായ അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ കണ്ടെത്തുകയും നീക്കം ചെയ്യുകയും പരാതി നല്‍കുകയും ചെയ്യുന്നതിന് പകരം അവ പ്രചരിപ്പിക്കുന്നതിന് ആപ്പിള്‍ അനുവദിച്ചുവെന്ന് യുവതി ആരോപിച്ചു.

ആപ്പിളിന്റെ പ്രവര്‍ത്തന രീതി മാറ്റണമെന്നും ഇരകളായ 2680-ഓളം പേര്‍ക്ക് കേസിന്റെ ഭാഗമായി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് യുവതി പരാതി നല്‍കിയത്. നിയമ പ്രകാരം കുറഞ്ഞത് 150000 ഡോളര്‍ നഷ്ടപരിഹാരത്തിന് കുട്ടികളോടുള്ള ലൈംഗികാതിക്രമത്തിന് ഇരയായവര്‍ അര്‍ഹരാണ്. അതായത് 120 കോടി ഡോളറിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസാണിത്.

അതേസമയം പുതിയതായി നിര്‍മിക്കപ്പെട്ട ഉള്ളടക്കങ്ങള്‍ പ്രചരിക്കപ്പെടുന്നത് തടയാന്‍ മാത്രമേ കമ്പനി അവതരിപ്പിച്ച സുരക്ഷാ ടൂളുകള്‍ക്ക് സാധിക്കൂ എന്നാണ് ആപ്പിള്‍ വക്താവിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top