നാല് ദിവസം മുൻപാണ് തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന പുഷ്പ 2 ദ റൂൾ തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ ആദ്യഭാഗത്തിന് ലഭിച്ച വലിയ വിജയമായിരുന്നു ആ കാത്തിരിപ്പിന് കാരണം. ഒടുവിൽ പുഷ്പരാജായി അല്ലു അർജുൻ സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ വീണത് വമ്പൻ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് കളക്ഷനുകൾ കൂടിയായിരുന്നു. റിലീസ് ചെയ്ത് വെറും നാല് ദിവസത്തിൽ 800 കോടി ക്ലബ്ബിൽ കയറിക്കൂടിയ പുഷ്പ 2, ഹിന്ദിയിൽ സർവ്വകാല റെക്കോർഡുകളാണ് സൃഷ്ടിക്കുന്നത്.
റിലീസ് ചെയ്ത് ആദ്യദിനം ഹിന്ദി ബോക്സ് ഓഫീസിൽ പുഷ്പ നേടിയത് 72 കോടിയാണ്. ബോളിവുഡ് സിനിമകളെയും കടത്തി വെട്ടി ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന ഖ്യാതിയായിരുന്നു പുഷ്പ 2 ഹിന്ദി പതിപ്പ് നേടിയത്. പിന്നാലെ റിലീസ് ചെയ്ത ആദ്യ മൂന്ന് ദിനങ്ങളിൽ 200 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ഇന്നലെ വരെ നേടിയത് 291 കോടിയാണ്.
അഞ്ചാം ദിനമായ ഇന്ന് കൽക്കി 2898 എഡിയുടെ ഹിന്ദി ഫൈനൽ കളക്ഷനും പുഷ്പ 2 മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. 295 കോടിയാണ് കൽക്കിയുടെ ഹിന്ദി പതിപ്പിന്റെ ഫൈനൽ കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, രാജമൗലി ചിത്രം ആർആർആറിന്റെ ഫൈനൽ ഹിന്ദി ഫൈനൽ കളക്ഷൻ ചിത്രം മറികടന്നു കഴിഞ്ഞു. കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം 274.31 കോടിയാണ് ആർആർആറിന്റെ ഫൈനൽ കളക്ഷൻ.
അതേസമയം, 829 കോടിയാണ് ആഗോളതലത്തിൽ പുഷ്പ 2 നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കാണിത്. ഇന്നോ അല്ലെങ്കിൽ നാളയോടെ ചിത്രം 1000 കോടി എന്ന നേട്ടം സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. കേരളത്തിൽ അടക്കം മികച്ച ബുക്കിങ്ങാണ് ചിത്രത്തിന്റേതായി നടക്കുന്നത്.