തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിനെതിരെ കൂടുതൽ ആരോപണം. എൻ പ്രശാന്ത് കോഴിക്കോട് കളക്ടറായിരിക്കെ ഫണ്ട് മാറ്റി കാര്‍ വാങ്ങിയെന്നും ഇതിന്‍റെ റിപ്പോര്‍ട്ട് തയ്യാറാക്കിയ അഡീഷണൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. മുൻ ധനമന്ത്രിയായ ഡോ. ടിഎം തോമസ് ഐസക്കിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഗോപകുമാറാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ എൻ പ്രശാന്തിനെതിരെ ആരോപണം ഉന്നയിച്ചത്.
കോഴിക്കോട് കളക്ടറായിരിക്കെ എൻ പ്രശാന്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാര്‍ വാങ്ങി. ധനകാര്യ നോണ്‍ ടെക്നിക്കൽ പരിശോധന വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോര്‍ട്ട് എഴുതുകയും ചെയ്തു. അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാൽ, ഈ ‘നന്മമരം’ അഡീഷണല്‍ സെക്രട്ടറിയെ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഗോപകുമാര്‍ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കോഴിക്കോട് ‘ബ്രോ’ ആയിരിക്കെ ഫണ്ട് വകമാറ്റിയെന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിൽ ഗോപകുമാറിന്‍റെ ആരോപണം.