ഫോൺ വലിച്ചെറിഞ്ഞ സ്ഥലത്തും ലത്തീഫിന്റെ ചുള്ളോളത്തെ വീട്ടിലും പൊലീസ് അഫാനുമായി ഇന്ന് തെളിവെടുപ്പ് നടത്തും
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിൽ കൂടുതൽ തെളിവ് തേടി അന്വേഷണസംഘം. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിന്റെ ഫോണിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ലത്തീഫിനെ കൊലപ്പെടുത്തിയ ശേഷം പ്രതി അഫാൻ ഫോൺ വലിച്ചെറിഞ്ഞെന്നാണ് മൊഴി. ഫോൺ വലിച്ചെറിഞ്ഞ സ്ഥലത്തും ലത്തീഫിന്റെ ചുള്ളോളത്തെ വീട്ടിലും പൊലീസ് അഫാനുമായി ഇന്ന് തെളിവെടുപ്പ് നടത്തും.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ രണ്ടാംഘട്ട തെളിവെടുപ്പാണ് ഇന്ന് നടക്കുക. മൂന്നു ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കിളിമാനൂർ പൊലീസാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ.
മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തിരുന്നു. മാതാവിനെ ആക്രമിച്ച ശേഷമായിരുന്നു അഞ്ച് കൊലപാതകങ്ങളും അഫാൻ നടത്തിയത്. സാമ്പത്തിക പ്രശ്നമാണ് അഫാനെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, അഫാനെ കാണണമെന്ന് ചികിത്സയിലുള്ള മാതാവ് ഷെമി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷെമിയെ റൂമിലേക്ക് മാറ്റി. ഷെമിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അഫാന്റെ കൊലപാതക പരമ്പരയെ കുറിച്ച് ഷെമിയെ ബന്ധുക്കൾ അറിയിക്കുകയും ചെയ്തിരുന്നു.