വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ പുതിയ ലീഗില്‍ ചേരാന്‍ കരാറൊപ്പിട്ട് ശിഖര്‍ ധവാന്‍

ദില്ലി:രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ ലീഗില്‍ കളിക്കാന്‍ കരാറൊപ്പിട്ട് ഇന്ത്യൻ ഓപ്പണർ ശിഖര്‍ ധവാന്‍. വിരിച്ച താരങ്ങള്‍ കളിക്കുന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിൽ കളിക്കാനായാണ് ശിഖര്‍ ധവാന് കരാറൊപ്പിട്ടത്. ലെഡന്‍ഡ്സ് ലീഗിന്‍റെ അടുത്ത പതിപ്പ് സെപ്റ്റംബറില്‍ നടക്കാനിരിക്കെയാണ് ധവാനും പുതിയ ലീഗിന്‍റെ ഭാഗമാകുന്നത്.

വിരമിച്ചതിനുശേഷം ലെജന്‍ഡ്സ് ലീഗില്‍ കളിക്കാനുള്ള തീരുമാനം അനായാസമായിരുന്നുവെന്ന് ധവാന്‍ പറഞ്ഞു. ക്രിക്കറ്റ് എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്. എനിക്കിപ്പോഴും കളിക്കാനുള്ള ഫിറ്റ്നെസുണ്ട്.പഴയ ക്രിക്കറ്റ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍-ധവാന്‍ പറഞ്ഞു.

ഹര്‍ഭജന്‍ സിംഗ്, റോബിന്‍ ഉത്തപ്പ, ആരോണ്‍ ഫിഞ്ച്, മാര്‍ട്ടിന്‍ ഗപ്ടില്‍, ഹാഷിം ആംല തുടങ്ങിയവരുടെ പാത പിന്തുടര്‍ന്നാണ് ധവാനും വിരമിച്ചതിന് പിന്നാലെ ലെജന്‍ഡ്സ് ലീഗിന്‍റെ ഭാഗമാകാന്‍ തീരുമാനിച്ചത്.ശനിയാഴ്ചയാണ് 38കാരനായ ധവാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.2004ലെ ടി20 ലോകകപ്പില്‍ മൂന്ന് സെഞ്ചുറികള്‍ അടിച്ച് താരമായെങ്കിലും ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2010ലാണ് ധവാന്‍ ഇന്ത്യൻ കുപ്പായത്തില്‍ അരങ്ങേറിയത്.

ഇന്ത്യക്കായി 34 ടെസ്റ്റിലും 167 ഏകദിനങ്ങളിലും 68 ടി20 മത്സരങ്ങളിലും കളിച്ച ധവാന്‍ 12,286 റണ്‍സടിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിന് പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെയാണ് ധവാന് ലെജന്‍ഡ്സ് ലീഗില്‍ കളിക്കാന്‍ അര്‍ഹത നേടിയത്.ഐസിസി ടൂര്‍ണമെന്‍റുകളില്‍ എക്കാലവും തിളങ്ങിയ ധവാന്‍ 2013ല്‍ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്‍റിലെ താരമായിരുന്നു. ഐപിഎല്ലില്‍ 222 മത്സരങ്ങള്‍ കളിച്ച ധവാന്‍ 6769 റണ്‍സ് നേിയിട്ടുണ്ട്. 15 മത്സരങ്ങളില്‍(12 ഏകദിനം, 3 ടി20) ഇന്ത്യൻ ക്യാപ്റ്റനായിരുന്ന ധവാന്‍ ഐപിഎല്ലില്‍ 33 മത്സരങ്ങളിലും നായകനായി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top