തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി അഭിനേത്രി പാര്‍വതി തിരുവോത്ത്. രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കാനിരിക്കുന്ന സിനിമാ കോണ്‍ക്ലേവിനെതിരെ പാര്‍വതി വിമർശനം ഉയർത്തി.
വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കണോ എന്നായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഡബ്ല്യു.സി.സി.യുടെ പോരാട്ടം അവസാനിക്കുന്നില്ല. സര്‍ക്കാരില്‍ വിശ്വാസവുമുണ്ട്. എന്നാല്‍ ഇരകള്‍ പരാതി കൊടുക്കേണ്ട ആവശ്യമില്ല. പരാതി കൊടുക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. റിപ്പോര്‍ട്ടില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്നും പാര്‍വതി പറഞ്ഞു.
സര്‍ക്കാരില്‍ വിശ്വാസമുണ്ട് എന്നല്ല പറയേണ്ടത്, നമുക്ക് മറ്റൊരു ചോയ്‌സില്ല. നമ്മള്‍ നികുതിയടച്ചും വോട്ട് ചെയ്തും ഒരു സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അവര്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് സേവനം ചെയ്യേണ്ടതെന്നും പാര്‍വതി ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേരത്തെ നടപടി സ്വീകരിച്ചിരുന്നെങ്കില്‍, നാലര വര്‍ഷം കൊണ്ട് ജീവിതങ്ങള്‍ മാറിപ്പോയേനെയെന്നും പാര്‍വതി പറഞ്ഞു.
സര്‍ക്കാര്‍ മുന്നോട്ട് ചെയ്യാനുദ്ദേശിക്കുന്ന നടപടികളെ സസൂക്ഷ്മം നിരീക്ഷിക്കും. ട്രൈബ്യൂണല്‍, കോണ്‍ക്ലേവ് തുടങ്ങിയവയില്‍ കൂടുതല്‍ വ്യക്തത വേണമെന്നും ഇതിന്റെയെല്ലാം നിര്‍വചനം എന്താണെന്ന് വെളിപ്പെടുത്തണമെന്നും പാര്‍വതി പറഞ്ഞു.