അബ്ദുൽ സത്താറിന്റെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കാസര്‍കോട്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് കാസർകോട് ടൗൺ പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ 4 ദിവസം കഴിഞ്ഞിട്ടും വിട്ടു കിട്ടാത്തതില്‍ മനംനൊന്ത് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട ശേഷം ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കാസര്‍കോട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും.

കര്‍ണാടക മംഗളുരു പാണ്ഡേശ്വരയിലെ അബ്ദുള്‍ സത്താറാണ് (57) മരിച്ചത്. വായ്പയെടുത്താണ് ഓട്ടോ വാങ്ങിയതെന്നും വിട്ടുകിട്ടിയില്ലെങ്കില്‍ ഉപജീവനം മുടങ്ങുമെന്നും പോലീസിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കേള്‍ക്കുന്നു. ഡി.വൈ.എസ്.പി ഇടപെട്ടിട്ടും ഓട്ടോ വിട്ടുകിട്ടിയില്ല. പുക പരിശോധിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഓട്ടോ വിട്ടു നല്‍കാത്തതെന്നും മനസിലാക്കുന്നു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തത്.

സംഭവത്തില്‍ കാസര്‍കോട് എസ്.ഐ യെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതായി മനസിലാക്കുന്നു. കാസര്‍കോട് റയില്‍വേ സ്റ്റേഷന് സമീപം താമസിച്ചാണ് അബ്ദുള്‍ സത്താര്‍ കാസർകോട് നഗരത്തില്‍ ഓട്ടോറിക്ഷ ഓടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top