ആധാര്‍ പുതുക്കല്‍ സൗജന്യം: ഡിസംബര്‍ 14വരെ നീട്ടി

സൗജന്യമായി ആധാര്‍ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 14വരെ നീട്ടി. നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി സെപ്റ്റംബര്‍ 14 ആയിരുന്നു. പത്തു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ പുതുക്കി നല്‍കാന്‍ യുണീക്ക് ഐഡന്റിഫിക്കഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഇതുവരെ പുതുക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി സൗജന്യമായി പുതുക്കാം.

പത്ത് വര്‍ഷം മുമ്പ് ആധാര്‍ എടുത്തവരും ഇതുവരെ പുതുക്കാത്തവര്‍ക്കുമാണ് ഇത് ബാധകം. തിരിച്ചറിയല്‍, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ http://myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്താണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.

ആധാറില്‍ രേഖപ്പെടുത്തിയ പ്രകാരം പേരും വിലാസവുമുള്ള രേഖകള്‍ ഇതിനായി ഉപയോഗിക്കാം. കാലാവധി തീര്‍ന്നിട്ടില്ലാത്ത പാസ്‌പോര്‍ട്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, കിസാന്‍ പാസ്ബുക്ക്, ഭിന്നശേഷി കാര്‍ഡ് തുടങ്ങിയവ പരിഗണിക്കും.

പേര് തെളിയിക്കുന്നതിന് പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സര്‍വീസ് കാര്‍ഡ്, പെന്‍ഷന്‍ കാര്‍ഡ് തുടങ്ങിയ ഫോട്ടോ പതിച്ച രേഖകളും വിലാസം തെളിയിക്കാന്‍ ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ഒ.ബി.സി സര്‍ട്ടിഫിക്കറ്റ്, വൈദ്യുതി, വെള്ളം, ടെലഫോണ്‍, പാചകവാതകം എന്നിവയുടെ ബില്ലുകള്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയ രേഖകകളും ഉപയോഗിക്കാം.

മൊബൈല്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈനായി പുതുക്കാനാകൂ. അക്ഷയ-ആധാര്‍ കേന്ദ്രങ്ങള്‍ വഴി സേവനം ലഭിക്കാന്‍ 50 രൂപ ഫീസ് നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top